Sunday, November 24, 2024

മയക്കുമരുന്ന് ഉപയോഗം വ്യാപകം; ബംഗ്ലാദേശില്‍ ഇനി സര്‍വ്വകലാശാല പ്രവേശനത്തിന് ഡോപ് ടെസ്റ്റ് നിര്‍ബ്ബന്ധം

ബംഗ്ലാദേശില്‍ സര്‍വ്വകലാശാല പ്രവേശനത്തിന് മയക്കുമരുന്ന് പരിശോധന നിര്‍ബ്ബന്ധമാക്കുന്നു. ഇക്കാര്യം വ്യക്തമാക്കി ഉടന്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങുമെന്ന് ബംഗ്ലാദേശി ആഭ്യന്തര വകുപ്പ് മന്ത്രി അസാദുസ്മാന്‍ ഖാന്‍ അറിയിച്ചു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു അസാദുസ്മാന്‍ ഖാന്‍ ഇക്കാര്യം അറിയിച്ചത്.

നിയമം നിലവില്‍ വരുന്നതോടെ, ബംഗ്ലാദേശില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വ്വകലാശാല അഡ്മിഷന് പരിഗണിക്കപ്പെടുന്നതിന് മുന്‍പ് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും. മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ നടപടികളുടെ ഭാഗമായി, പോലീസ് സേനയിലെ അംഗങ്ങള്‍ക്ക് ഡോപ് ടെസ്റ്റ് നിര്‍ബ്ബന്ധമാക്കിയ രാജ്യമാണ് ബംഗ്ലാദേശ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും നിയമനത്തിന് മുന്നോടിയായി ഡോപ് ടെസ്റ്റ് നിര്‍ബ്ബന്ധമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ബംഗ്ലാദേശി ആഭ്യന്തര വകുപ്പ് മന്ത്രി അസാദുസ്മാന്‍ ഖാന്‍ പറഞ്ഞു.

ബംഗ്ലാദേശില്‍ അടുത്തയിടെയായി മയക്കുമരുന്ന് ദുരുപയോഗം വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് വിവിധ മേഖലകളില്‍ ഡോപ് ടെസ്റ്റ് നിര്‍ബ്ബന്ധമാക്കുന്നത്. മൂത്രം, മുടി, രക്തം, ഉച്ഛ്വാസം, വിയര്‍പ്പ്, ഉമിനീര്‍ എന്നിവയില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച്, മയക്കുമരുന്നിന്റെ സാന്നിദ്ധ്യം കണ്ടെത്തുന്ന പരിശോധനയാണ് ഡോപ് ടെസ്റ്റ്.

 

Latest News