പ്രതിദിന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന റഷ്യ, ‘ഒരു തീവ്രവാദ’ രാഷ്ട്രമായി മാറിയതായി യുക്രൈന്‍ പ്രസിഡന്റ് വിളാഡിമിര്‍ സെലന്‍സ്‌കി ആരോപിച്ചു. ഐക്യരാഷ്ട്രസഭയില്‍ നിന്ന് റഷ്യയെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ വെര്‍ച്വല്‍ പ്രസംഗത്തില്‍, യുക്രേനിയന്‍ മണ്ണിലെ റഷ്യന്‍ അധിനിവേശക്കാരുടെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കാനും രാജ്യത്തെ ഉത്തരവാദിത്തത്തോടെ നിര്‍ത്താനും ഒരു അന്താരാഷ്ട്ര ട്രിബ്യൂണല്‍ സ്ഥാപിക്കാന്‍ സെലെന്‍സ്‌കി യുഎന്നിനോട് ആവശ്യപ്പെട്ടു.
‘യുക്രൈനെതിരെയുള്ള റഷ്യയുടെ കൊലപാതക പരമ്പര അവസാനിപ്പിക്കാന്‍ അടിയന്തിരമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം റഷ്യയുടെ ‘തീവ്രവാദ പ്രവര്‍ത്തനം’ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഏഷ്യയിലേക്കും വ്യാപിക്കും’. സെലന്‍സ്‌കി മുന്നറിയിപ്പു നല്‍കി. ‘പ്രതിദിന തീവ്രവാദ പ്രവര്‍ത്തനങ്ങളാണ് റഷ്യ നടത്തുന്നത്. അതിന് അവധി ദിവസങ്ങളില്ല. അവര്‍ എല്ലാ ദിവസവും തീവ്രവാദികളായി പ്രവര്‍ത്തിക്കുന്നു’. സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.
193 അംഗ ഐക്യരാഷ്ട്രസഭയില്‍ നിന്ന് റഷ്യയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്, സെലെന്‍സ്‌കി യുഎന്‍ ചാര്‍ട്ടറിന്റെ ആര്‍ട്ടിക്കിള്‍ 6 ഉദ്ധരിച്ചു. ഈ ചാര്‍ട്ടറില്‍ അടങ്ങിയിരിക്കുന്ന തത്വങ്ങള്‍ സ്ഥിരമായി ലംഘിച്ച ഒരു അംഗത്തെ ശുപാര്‍ശ പ്രകാരം ജനറല്‍ അസംബ്ലി സംഘടനയില്‍ നിന്ന് പുറത്താക്കാം. എന്നിരുന്നാലും, റഷ്യയുടെ പുറത്താക്കല്‍ ഫലത്തില്‍ അസാധ്യമാണ്. കാരണം, ഒരു സ്ഥിരം കൗണ്‍സില്‍ അംഗമെന്ന നിലയില്‍ റഷ്യയെ പുറത്താക്കാനുള്ള ഏതൊരു ശ്രമവും തടയാന്‍ അവര്‍ക്ക് വീറ്റോ ഉപയോഗിക്കാന്‍ കഴിയും.
സെന്‍ട്രല്‍ നഗരമായ ക്രെമെന്‍ചുക്കിലെ തിരക്കേറിയ ഷോപ്പിംഗ് മാളില്‍ തിങ്കളാഴ്ച നടന്ന വ്യോമാക്രമണം ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ക്ക് ശേഷമാണ് യുക്രെയ്ന്‍ കൗണ്‍സില്‍ യോഗം വിളിച്ചത്. കുറഞ്ഞത് 18 പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സെലെന്‍സ്‌കി പറഞ്ഞു. ഡസന്‍ കണക്കിന് ആളുകളെ കാണാനില്ല, കൈകളും കാലുകളും ഉള്‍പ്പെടെയുള്ള ശരീര ശകലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ കൂടുതല്‍ ഇരകളുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധത്തില്‍ കൊല്ലപ്പെട്ട യുക്രേനിയന്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും സ്മരണയ്ക്കായി നിശബ്ദ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ചേംബറിലെ 15 സെക്യൂരിറ്റി കൗണ്‍സില്‍ അംഗങ്ങളോടും മറ്റുള്ളവരോടും ആവശ്യപ്പെട്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.