Tuesday, November 26, 2024

താലിബാനുമായി അമേരിക്ക ചര്‍ച്ചയ്ക്ക്

യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റുമായുള്ള ചര്‍ച്ചകള്‍ക്കായി അഫ്ഗാന്‍ ധനകാര്യ, കേന്ദ്ര ബാങ്ക് ഉദ്യോഗസ്ഥര്‍ ഖത്തറിലെത്തി. കഴിഞ്ഞയാഴ്ച രാജ്യത്തെ പിടിച്ചുകുലുക്കിയ ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ് സാമ്പത്തിക സഹായം അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തെ സംബന്ധിച്ചു നിര്‍ണായകമാണ്.

ദക്ഷിണകിഴക്കന്‍ അഫ്ഗാനിസ്ഥാനെ തകര്‍ത്തെറിഞ്ഞ ഭൂകമ്പത്തില്‍ 770 പേര്‍ മരിച്ചതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. എന്നാല്‍, 1150 പേര്‍ മരിച്ചെന്നും ആയിരത്തിലധികം പേര്‍ക്കു പരിക്കേറ്റെന്നും മൂവായിരത്തിലധികം വീടുകള്‍ തകര്‍ന്നെന്നും താലിബാന്‍ ഭരണകൂടം അറിയിച്ചു.

അമേരിക്കയുമായി ചര്‍ച്ച നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ താലിബാന്‍ വിദേശകാര്യ വക്താവ് ഹഫീസ് സിയ അഹ്മദ് സ്ഥിരീകരിച്ചു.

വിദേശകാര്യമന്ത്രി മൗലവി ആമിര്‍ ഖാന്‍ മുത്താഖിയുടെ നേതൃത്വത്തിനുള്ള സംഘമാണു ചര്‍ച്ചകള്‍ക്കായി ഖത്തറിലെത്തിയിരിക്കുന്നത്. ദോഹയിലാണു കൂടിക്കാഴ്ച. അഫ്ഗാനിലെ സാന്പത്തിക, ബാങ്കിംഗ് മേഖലകള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.

കഴിഞ്ഞ ഓഗസ്റ്റില്‍ താലിബാന്‍ ഭരണകൂടം അധികാരം തിരിച്ചുപിടിച്ചതിനു പിന്നാലെ 900 കോടി ഡോളറിന്റെ അഫ്ഗാന്‍ സെന്‍ട്രല്‍ റിസര്‍വ് ഫണ്ട് ജോ ബൈഡന്‍ ഭരണകൂടം മരവിപ്പിച്ചിരുന്നു. യുഎസ്-നാറ്റോ സൈന്യം പിന്‍വാങ്ങിയതിനു പിന്നാലെയാണു താലിബാന്‍ അധികാരം തിരിച്ചുപിടിച്ചത്.

 

Latest News