നുപൂര്‍ ശര്‍മ്മയുടെ പ്രവാചക നിന്ദാ പരാമര്‍ശത്തെ പിന്തുണച്ചതിന്റെ പേരില്‍ തയ്യല്‍ക്കാരനെ കഴുത്തറത്ത് കൊന്ന വിഷയത്തില്‍ തവനൂര്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ കെ ടി ജലീല്‍ നടത്തിയ പരാമര്‍ശത്തിന് അഡ്വ ജയശങ്കര്‍ നല്‍കിയ മറുപടി ശ്രദ്ധേയമായിരിക്കുകയാണ്. ഉദയ്പൂരില്‍ നടന്നത് കൊടുംക്രൂരതയും പൈശാചിക കൃത്യവുമെന്ന് ചൂണ്ടിക്കാട്ടിയതിനൊപ്പം ഇസ്ലാം മതത്തെ അവഹേളിക്കാന്‍ ആരോ മനപൂര്‍വം ചെയ്ത കൃത്യമാണോ അതെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ഉദയ്പൂരിലെ മുഴുവന്‍ മുസ്ലിം കച്ചവടക്കാരെയും ഉന്‍മൂലനം ചെയ്യാന്‍ ആസൂത്രിതമായി ബിസിനസ് താല്‍പര്യക്കാര്‍ സംഘടിപ്പിച്ചതാണോ അരുകൊലയെന്നും സൂക്ഷ്മമായി അപഗ്രഥിക്കണമെന്നും കെ ടി ജലീല്‍ ആവശ്യപ്പെട്ടു. ജലീലിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…
‘നിന്ദ്യരും നികൃഷ്ടരുമായ ഈ വര്‍ഗ്ഗീയ ഭ്രാന്തന്‍മാരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പു വരുത്തണം. താടിയും തലപ്പാവുമായെത്തി പട്ടാപ്പകല്‍ ഒരു മനുഷ്യനെ കഴുത്തറുത്ത് കൊന്ന പിശാചുക്കള്‍ ഇസ്ലാമിനെയാണ് അപമാനിച്ചത്. അവര്‍ മാപ്പര്‍ഹിക്കുന്നേയില്ല. ഈ തെമ്മാടികളെ പിടികൂടി തൂക്കിലേറ്റാന്‍ ഒട്ടും സമയം വൈകിക്കൂടാ. രാജ്യത്ത് നിലനില്‍ക്കുന്ന മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ബോധപൂര്‍വ്വം ഇവരെ വിലക്കെടുത്ത് ആരെങ്കിലും ചെയ്യിച്ചതാണോ പ്രസ്തുത കൊലപാതകമെന്ന് പ്രത്യേകം അന്വേഷിക്കണം. വേഷം മാറി വന്ന് പക തീര്‍ത്ത് വഴി തിരിച്ചുവിടാന്‍ നടത്തിയ ശ്രമമാണോ നടന്നതെന്നും പരിശോധിക്കണം. വര്‍ഗീയ കലാപം നടത്തി, ഉദയ്പൂരിലെ മുഴുവന്‍ മുസ്ലിം കച്ചവടക്കാരെയും ഉന്‍മൂലനം ചെയ്യാന്‍ ആസൂത്രിതമായി ബിസിനസ് താല്‍പര്യക്കാര്‍ സംഘടിപ്പിച്ചതാണോ അരുകൊലയെന്നും സൂക്ഷ്മമായി അപഗ്രഥിക്കണം.
പണമോ മറ്റു പ്രലോഭനങ്ങളോ ചൊരിഞ്ഞ് രണ്ട് മുസ്ലിം നാമധാരികളെ വിലക്കെടുത്ത്, ഇന്ത്യന്‍ മുസ്ലിങ്ങളുടെ സമാധാനം കെടുത്താന്‍ ബാഹ്യശക്തികള്‍ ചെയ്യിച്ച മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണോ ഉദയ്പൂരിലേതെന്ന് പ്രത്യേകം നോക്കണം. ഹീന പ്രവൃത്തി നടത്തിയവരുടെ മട്ടും ഭാവവും, വീഡിയോ ചിത്രീകരണവുമൊക്കെ കണ്ടിട്ട് എന്തൊക്കെയോ ദുരൂഹത മണക്കുന്നുണ്ട്. എന്തായാലും ക്രൂരകൃത്യം ചെയ്ത നരാധമന്‍മാര്‍ക്ക് കൊലക്കയര്‍ തന്നെ നല്‍കണം. അവരെ വെറുതെ വിടരുത്. നാടിനെ രക്ഷിക്കാന്‍ അവര്‍ക്ക് ശിക്ഷ നല്‍കിയേ പറ്റൂ’.
ജലീലിന്റെ പ്രസ്താവന വിവാദമായതോടെ അഡ്വ ജയശങ്കര്‍ ജലീലിന് മറുപടിയുമായി രംഗത്തെത്തി. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു..’നാലു തവണ സിപിഎം സ്വതന്ത്രനായി മത്സരിച്ച് ജയിച്ചെങ്കിലും ജലീലിന്റെ ഉള്ളിലെ ‘സിമി’ക്കാരന്‍ ഇപ്പോഴുമുണ്ട് എന്ന് ബോധ്യമായി. പ്രതികരണ പോസ്റ്റിന്റെ ആദ്യ ഭാഗത്ത് ഹീന കൊലപാതകത്തെ ജലീല്‍ അപലപിക്കുന്നുണ്ട്. കുറ്റവാളികള്‍ക്ക് തൂക്കുകയര്‍ തന്നെ വിധിക്കണമെന്നും പറയുന്നുണ്ട്. മൂന്നാമത്തെ ഖണ്ഡികയില്‍ അദ്ദേഹം പറയുന്നു, കുറ്റവാളികള്‍ അപമാനിച്ചത് ഇസ്ലാം മതത്തെയാണെന്നും അതിനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും കുറ്റവാളികളെ ആരെങ്കിലും വിലക്കെടുത്തതാണോ എന്നും അന്വേഷിക്കേണ്ടതുണ്ടെന്നും.
ചുരുക്കിപ്പറഞ്ഞാല്‍ ഇസ്ലാം മതത്തെ അപമാനിക്കാന്‍ ആരോ ചിലര്‍ താടിയും തലപ്പാവും വച്ച് ജിഹാദികളായി അഭിനയിക്കുകയായിരുന്നു എന്നാണ് ജലീല്‍ പറയുന്നത്. ഇത് വായിച്ചപ്പോള്‍ എനിക്ക് ഓര്‍മ വന്നത്, വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തത് ഇസ്രായേലി ഏജന്റുമാരാണെന്നും മുംബൈ ഭീകരാക്രമണത്തിന് കാരണക്കാര്‍ പാക്കിസ്ഥാന്‍കാരുടെ വേഷത്തില്‍ വന്ന ആര്‍എസ്എസ് കാരാണെന്നുമുള്ള ഇക്കൂട്ടരുടെ പതിവ് പല്ലവികളാണ്. സിപിഎമ്മിലുള്ളത്ര പോപ്പുലര്‍ ഫ്രണ്ടുകാര്‍ എസ്ഡിപിഐയില്‍ പോലുമില്ല എന്നതാണ് സത്യം. ഏതായാലും ഈ പ്രസ്താവനയിലൂടെ ജലീല്‍ ഭാവനാ സമ്പന്നനായ വ്യക്തിയാണെന്ന് തെളിയിച്ചിരിക്കുന്നു’.