Tuesday, November 26, 2024

പുതിയകരാറില്‍ തുര്‍ക്കി ഒപ്പുവച്ചു; ഫിന്‍ലന്‍ഡിന്റെയും സ്വീഡന്റെയും നാറ്റോ പ്രവേശനത്തിനുള്ള തടസങ്ങള്‍ നീങ്ങി

റഷ്യയുടെ യുക്രൈനില്‍ അധിനിവേശത്തിന് പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങളായ ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോയില്‍ ചേരാന്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, തുര്‍ക്കിയുടെ എതിര്‍ത്തിനെ തുടര്‍ന്ന് നടപടി വൈകി. ഒടുവില്‍ മൂന്ന് രാജ്യങ്ങളുടെ വിദേശകാര്യ മാന്ത്രിമാര്‍ ഇന്നലെ പുതിയ കരാറുകളില്‍ ഒപ്പ് വച്ചതോടെ ഫിന്‍ലന്‍ഡിന്റെയും സ്വീഡന്റെയും നാറ്റോ പ്രവേശനത്തിന് ഉള്ള തടസങ്ങളെല്ലാം നീങ്ങി. ഇതോടെ നാറ്റോയെ തന്റെ അതിര്‍ത്തിയില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ശ്രമങ്ങള്‍ക്ക് വിപരീത ഫലമാണ് ഉണ്ടായത്.

ഫിന്‍ലന്‍ഡിനും സ്വീഡനും നിരോധിത കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയില്‍ നിന്നുള്ള തീവ്രവാദികളെ സംരക്ഷിക്കുന്നു എന്നതായിരുന്നു തുര്‍ക്കിയുടെ പരാതി. നാറ്റോയിലെ നിയമം അനുസരിച്ച് അംഗമായ 30 രാജ്യങ്ങളും ഐക്യകണ്ഠനേ തെരഞ്ഞെടുത്താല്‍ മാത്രമേ മറ്റൊരു രാജ്യത്തെ സഖ്യത്തിന്റെ ഭാഗമാക്കാന്‍ പറ്റൂ. നിലവില്‍ ഇരുരാജ്യങ്ങളുടെയും വരവിനെ എതിര്‍ത്ത ഒരേ ഒരു രാജ്യമായിരുന്നു തുര്‍ക്കി.

പരസ്പര സുരക്ഷയ്ക്കെതിരായ ഭീഷണികള്‍ക്കെതിരെ പൂര്‍ണ്ണ പിന്തുണ നല്‍കാനാണ് മൂന്ന് രാജ്യങ്ങളും സംയുക്ത മെമ്മോറാണ്ടത്തില്‍ ഒപ്പുവെച്ചതെന്ന് ഫിന്‍ലന്‍ഡ് പ്രസിഡന്റ് നിനിസ്റ്റോ പറഞ്ഞു. തീവ്രവാദികളെന്ന് സംശയിക്കുന്നവരെ തുര്‍ക്കിക്ക് കൈമാറാനുള്ള അഭ്യര്‍ത്ഥനകള്‍ ശക്തമാക്കാന്‍ സ്വീഡന്‍ സമ്മതിച്ചതായി നാറ്റോ മേധാവി ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പറഞ്ഞു.

സ്വീഡനില്‍ നിന്നും ഫിന്‍ലന്‍ഡില്‍ നിന്നും തങ്ങള്‍ക്ക് വേണ്ടത് ലഭിച്ചുവെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്റെ ഓഫീസും വ്യക്തമാക്കി. ഇതോടെ യൂറോപ്പിലെ റഷ്യന്‍ അതിര്‍ത്തി രാജ്യങ്ങളായ രണ്ട് രാജ്യങ്ങള്‍ കൂടി നാറ്റോയുടെ ഭാഗഭാക്കാകും. 200 വര്‍ഷത്തെ സ്വീഡിഷ് ചേരിചേരാ നയവും ഇതോടെ അവസാനിക്കും. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ ഫിന്‍ലന്‍ഡില്‍ നടന്ന അഭിപ്രായ വേട്ടെടുപ്പില്‍ 79 ശതമാനം ജനങ്ങളും നാറ്റോ സഖ്യം ആവശ്യപ്പെടുകയായിരുന്നു.

 

 

 

Latest News