കാബൂളില്‍ നടക്കാനിരിക്കുന്ന മതനേതാക്കളുടെ സമ്മേളനത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം ആവശ്യമില്ലെന്ന് താലിബാന്. ആയിരത്തിലധികം അഫ്ഗാന് മതപണ്ഡിതന്മാരും ഗോത്രതലവന്മാരും പങ്കെടുക്കും. അഭിപ്രായവ്യത്യാസങ്ങള്‍ സമവായത്തിലൂടെ പരിഹരിക്കാന്‍ സ്വാധീനമുള്ള ആളുകളുടെ പരമ്പരാഗത ഒത്തുചേരലാണ് ഇത്. ജിര്‍ഗ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. മാദ്ധ്യമങ്ങള്ക്കുള്പ്പെടെ ഇതില്‍ പങ്കെടുക്കുന്നതില്‍ വിലക്കുണ്ട്.
സ്ത്രീകളെ ഇതില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ താലിബാന്, സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്നതിനാലാണ് ഈ തീരുമാനമെന്നും വാദിക്കുന്നു. ‘സ്ത്രീകള്‍ ഞങ്ങളുടെ അമ്മമാരും സഹോദരിമാരുമാണ്. ഞങ്ങള്‍ അവരെ വളരെ അധികം ബഹുമാനിക്കുന്നു. അവരുടെ മക്കള്‍ ഇവിടെ ഒത്തുചേരുന്നു. അതിനര്‍ത്ഥം അവരും ഈ ഒത്തുചേരലില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ്. സ്ത്രീകളെ പ്രതിനിധീകരിക്കുന്നത് പുരുഷന്മാരായ ബന്ധുക്കള്‍ ആയിരിക്കുമെന്നും” ഉപപ്രധാനമന്ത്രി അബ്ദുല്‍ സലാം ഹനഫി പറഞ്ഞു.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ജിര്‍ഗയില്‍ ഭരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍, ഇസ്ലാമിക ഭരണം, രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും. താലിബാന് അധികാരത്തില്‍ എത്തിയതിന് പിന്നാലെ സ്ത്രീകള്‍ക്ക് അഫ്ഗാനില്‍ വലിയ തോതില്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വിലക്കേര്‍പ്പെടുത്തിയ താലിബാന് ഹിജാബ് നിര്‍ബന്ധമാക്കുകയും ചെയ്തു. കുടുംബത്തിലെ പുരുഷന്മാരോടൊപ്പമല്ലാതെ സ്ത്രീകള്‍ക്ക് വീടിന് പുറത്തിറങ്ങാനോ യാത്രകള്‍ ചെയ്യാനോ സാധിക്കില്ല.