ഖത്തര്‍ ലോകകപ്പ് തുടങ്ങാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കെ ടൂര്‍ണമെന്റില്‍ പുതിയ സാങ്കേതികവിദ്യകള്‍ പ്രഖ്യാപിച്ച് ഫിഫ. ഓഫ്സൈഡിന്റെ പേരില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്കാണ് ഫിഫ പരിഹാരം കാണാന്‍ ഒരുങ്ങുന്നത്. ഇന്നും ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്നതാണ് ഓഫ്സൈഡിന്റെ പേരിലുള്ള തര്‍ക്കങ്ങള്‍.
ഖത്തര്‍ ലോകകപ്പില്‍ തങ്ങളുടെ പുതിയ സെമി ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് ഫിഫ സ്ഥിരീകരിച്ചു.
ഫിഫയുടെ റഫറിയിങ് മേധാവി പിയര്‍ലൂജി കോളിന വ്യാഴാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇത് മത്സരത്തില്‍ വേഗതയേറിയതും കൂടുതല്‍ കൃത്യവുമായ തീരുമാനങ്ങളെടുക്കുന്നതിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ ടെക്നോളജി നടപ്പിലാക്കാന്‍ വേണ്ടി സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയുടെ താഴെ 12 ക്യാമറകള്‍ ഘടിപ്പിക്കും. ഈ ക്യാമറകള്‍ പന്ത് ട്രാക്ക് ചെയ്യാനും, ഓരോ കളിക്കാരന്റെയും 29 ഡാറ്റ പോയിന്റുകള്‍ വരെ സെക്കന്‍ഡില്‍ 50 തവണ ട്രാക്ക് ചെയ്യാനും ഉപയോഗിക്കുന്നു. പന്തിന്റെയും കളിക്കാരുടെയും കൃത്യമായ പൊസിഷന്‍ മനസിലാക്കാന്‍ ഇത് സഹായിക്കുന്നു.
അതേസമയം, നേരിയ ഓഫ്‌സൈഡ് സാഹചര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സഹായിക്കാന്‍ പന്തിന്റെ മധ്യത്തില്‍ ഒരു സെന്‍സര്‍ ഘടിപ്പിക്കുകയും ചെയ്യും. പന്തിനുള്ളിലെ സെന്‍സര്‍ സെക്കന്‍ഡില്‍ 500 തവണ ഡാറ്റ അയയ്ക്കുന്നു. ഇത് ഓഫ്‌സൈഡ് തീരുമാനങ്ങള്‍ക്കായി കിക്ക് പോയിന്റ് കൃത്യമായി കണ്ടെത്താന്‍ അനുവദിക്കുന്നു.
ഈ വിവരങ്ങളെല്ലാം ഉപയോഗിച്ച് വി.എ.ആര്‍ (വീഡിയോ അസിസ്റ്റന്റ് റഫറി) കൂടുതല്‍ അറിവോടെയുള്ള തീരുമാനമെടുക്കുമെന്ന് ഉറപ്പാക്കുമെന്നും കോളിന കൂട്ടിച്ചേര്‍ത്തു.