കിഴക്കന്‍ യുക്രെയ്‌നിലെ ലുഹാന്‍സ് പ്രവിശ്യയിലെ അവസാന നഗരമായ ലിസിച്ചാന്‍സ്‌കും റഷ്യന്‍ നിയന്ത്രണത്തിലേക്ക്. നഗരം പൂര്‍ണമായി പിടിച്ചെടുത്തതായി റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷോയ്ഗു പ്രസിഡന്റ് പുടിനെ അറിയിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, യുക്രെയ്ന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
റഷ്യന്‍ പട്ടാളം ലിസിച്ചാന്‍സ്‌കില്‍ ആക്രമണം രൂക്ഷമാക്കിയതായി യുക്രെയ്ന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. നഗരത്തിനു വടക്കുള്ള നദി ആദ്യമായി മുറിച്ചുകടക്കാന്‍ റഷ്യന്‍ പട്ടാളത്തിനു കഴിഞ്ഞു. ശക്തമായ തിരിച്ചടികള്‍ നേരിട്ടിട്ടും റഷ്യന്‍ പട്ടാളം പിന്‍വാങ്ങാന്‍ തയാറാകുന്നില്ലെന്നു യുക്രെയ്ന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഒലക്‌സി അരിസ്റ്റോവിച്ച് പറഞ്ഞു.
അതേസമയം, ലിസിച്ചാന്‍സ്‌ക് നഗരത്തിന്റെ കേന്ദ്രഭാഗം നിയന്ത്രണത്തിലാക്കിയെന്നു റഷ്യയെ പിന്തുണയ്ക്കുന്ന യുക്രെയ്ന്‍ വിമതര്‍ നേരത്തേ അവകാശപ്പെട്ടിരുന്നു. ഇക്കാര്യവും സ്ഥിരീകരിക്കാനായിട്ടില്ല.