റഷ്യയിലെ സൈബീരിയയിലൂടെ ഒഴുകുന്ന നദിയാണ് യെനിസി. പൈന്‍മരങ്ങള്‍ നിറഞ്ഞ മനോഹരമായ ഈ പ്രദേശത്തുകൂടി കടന്നുപോകുന്ന ഈ നദിക്കു നീളത്തില്‍ ലോകത്ത് അഞ്ചാം സ്ഥാനമുണ്ട്. മംഗോളിയയില്‍ നിന്ന് ഉദ്ഭവിക്കുന്ന ഈ നദിയുടെ നീളം, 3487 കിലോമീറ്ററാണ്. പിന്നീട് വടക്കോട്ടൊഴുകി യെനിസി ഉള്‍ക്കടലിലൂടെ ആര്‍ട്ടിക് സമുദ്രത്തിന്റെ അടുത്ത് കാര കടലില്‍ പതിക്കുന്നു. ആര്‍ട്ടിക് സമുദ്രത്തില്‍ ചെന്നുവീഴുന്ന ഏറ്റവും വലിയ നദിയും യെനിസിയാണ്. കൂടാതെ ആര്‍ട്ടിക്ക് സമുദ്രത്തിന്റെ ഭാഗമാകുന്ന മൂന്ന് സൈബീരിയന്‍ നദികളുടെ കേന്ദ്രം കൂടിയാണ് യെനിസി.
വര്‍ഷത്തില്‍ പകുതിയിലേറെക്കാലം ഈ നദിയില്‍ മഞ്ഞുറഞ്ഞുകിടക്കുകയാണ്. മഞ്ഞുരുകിയാണ് നദിയില്‍ ജലസമ്പത്തുണ്ടാകുന്നത്. പടുകൂറ്റന്‍ മഞ്ഞുപാളികളുണ്ടായി പലപ്പോഴും നദിയുടെ ഒഴുക്കു തടസ്സപ്പെടുന്നുമുണ്ട്. തന്മൂലം വെള്ളപ്പൊക്കവും ഉണ്ടാകുന്നു. പ്രത്യേകതരം സ്‌ഫോടകവസ്തുക്കള്‍ പ്രയോഗിച്ച് ഐസ്‌ക്യൂബുകള്‍ പൊട്ടിച്ചാണ് ഇപ്പോള്‍ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നത്.
ബൈക്കല്‍ തടാകത്തില്‍ നിന്ന് ഒഴുകിവരുന്ന അംഗാറ ആണ് യെനിസി നദിയുടെ പോഷകനദി. ഇത് സ്‌ട്രെല്‍ക എന്ന സ്ഥലത്തുവച്ച് യെനിസിയുമായി ചേര്‍ന്നൊഴുകുന്നു. ലോവര്‍ തുംഗസ്‌കയും സ്റ്റോണി തുംഗസ്‌കയും യെനിസിയുടെ ഇതരപോഷകനദികളാണ്. ചെറുതും വലുതുമായ 500 ഓളം പോഷകനദികളാണ് യെനിസിയ്ക്കുള്ളത്. മധ്യസൈബീരിയന്‍ പീഠഭൂമിയുടെ പശ്ചിമഭാഗത്ത് 25,80,000 ച.കി.മീ. വിസ്തൃതിയില്‍ പരന്നുകിടക്കുകയാണ് യെനിസിയുടെ നദീതടപ്രദേശം. നദീതട വിസ്തൃതിയില്‍ ഒന്നാം സ്ഥാനത്തു നില്ക്കുന്നതും യെനിസിയാണ്. യെനിസിയുടെ ഏറ്റവും കൂടിയ ആഴം 24 മീറ്ററും (80 അടി), കുറഞ്ഞ ആഴം 14 മീറ്ററുമാണ് (45 അടി).
വൈദ്യുതിക്കായി ഒട്ടേറെ അണക്കെട്ടുകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള നദിയാണ് യെനിസി. ഈ നദീതീരത്ത് പെട്രോളിയത്തിന്റെയും പ്രകൃതിവാതകത്തിന്റെയും നിക്ഷേപമുണ്ട്. ഈ പ്രദേശത്തുനിന്നു സ്വര്‍ണവും വെള്ളിയും ഉള്‍പ്പെടെയുള്ള ലോഹങ്ങളും ഖനനത്തിലൂടെ ലഭിക്കുന്നുണ്ട്. സൈബീരിയയുടെ പടിഞ്ഞാറും കിഴക്കും തമ്മിലുള്ള സ്വാഭാവിക അതിര്‍ത്തിയായും ഈ നദി കണക്കാക്കപ്പെടുന്നു. ഈ സൈബീരിയന്‍ നദിയുടെ ഇടത് കരയില്‍ സമതലങ്ങളും വലതു വശത്ത് ടൈഗ പര്‍വതവുമാണ്.
സാല്‍മണ്‍, സ്റ്റര്‍ജന്‍ എന്നിവയുള്‍പ്പെടെയുള്ള അമ്പതിലധികം വ്യത്യസ്ത മത്സ്യങ്ങളുടെ മികച്ച ഉറവിടമാണ് യെനിസി നദി. സൈബീരിയന്‍ കസ്തൂരി മാന്‍, മൂസ്, റോ മാന്‍, വലിയ ജാപ്പനീസ് ഫീല്‍ഡ് മൗസ് എന്നിവ യെനിസിയ്ക്ക് സമീപമുള്ള ടൈഗ വനങ്ങളില്‍ വസിക്കുന്ന സസ്തനികളില്‍ ചിലതാണ്. സൈബീരിയന്‍ ബ്ലൂ റോബിന്‍സ്, പല്ലാസിന്റെ റോസ് ഫിഞ്ചുകള്‍, ബ്ലാക്ക് ബില്‍ഡ് ക്യാപ്പര്‍-കയിലീസ്, സ്വിന്‍ഹോ സ്നൈപ്പുകള്‍ തുടങ്ങിയ പക്ഷികളും ഈ വനങ്ങളില്‍ കാണപ്പെടുന്നു.
പ്രാചീന നാടോടി ഗോത്രങ്ങളായ കെറ്റ്, യുഗ് എന്നിവയിലെ ജനങ്ങള്‍ ഈ നദിയുടെ തീരത്ത് വസിച്ചിരുന്നു. 1000ത്തോളം വരുന്ന കെറ്റ് ഗോത്രങ്ങളിലെ മനുഷ്യരാണ് ഈ നദിക്കരയ്ക്കരികെ ജീവിച്ചിരുന്നതും ഇന്നും നിലനില്‍ക്കുന്നതുമായ മനുഷ്യര്‍. കോട്ടുകള്‍, അസ്സാന്സുകള്‍, ആരിന്‍സുകള്‍, ബെയ്ക്കോട്ട്സുകള്‍, പമ്പോക്കോല്‍സുകള്‍ എന്നീ ഗോത്രങ്ങള്‍ ജീവിച്ചത് നദിയുടെ തെക്ക് ഭാഗത്തായാണ്.