മനുഷ്യാവകാശ പ്രവർത്തകനും ഈശോ സഭാംഗവുമായ ഫാ. സ്റ്റാൻ സ്വാമിയുടെ ഒന്നാം ചരമവാർഷികം ആചരിക്കുകയാണ് ഇന്ന്. ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയിൽ വച്ചായിരുന്നു മരണം. മാവോയിസ്റ്റ് ബന്ധമാരോപിക്കപ്പെട്ട് അറസ്റ്റിലായ ഫാ. സ്റ്റാൻ സ്വാമി വിചാരണത്തടവുകാരനായിരിക്കെ ആണ് മരണമടഞ്ഞത്. അദ്ദേഹത്തിൻറെ മരണം ആഗോള തലത്തിൽ ഇന്ത്യൻ സർക്കാരിനെതിരെ വിമർശനങ്ങൾ ഉയരുവാൻ കാരണമായിരുന്നു. മനുഷ്യാവകാശങ്ങൾക്കു നേരെയുള്ള ലംഘനമായി ചരിത്രത്തിൽ രേഖപ്പെടുത്തിയ ഒന്നായിരുന്നു ജസ്യൂട്ട് വൈദികനായ സ്റ്റാൻ സ്വാമിയുടെ മരണം.
പാവങ്ങൾക്കായി ജീവിച്ചു മരിച്ച അദ്ദേഹത്തിന്റെ ജനനം, ജീവിതം, അറസ്റ്റ്, മരണം എന്നിവയിലൂടെ ഒരു യാത്ര.
ജനനം – ജീവിതം
ഫാ. സ്റ്റാൻസ്ലാവോസ് ലൂർദ്സ്വാമി എന്നായിരുന്നു മുഴുവൻ പേര്. തമിഴ്‌നാട്ടിലെ ട്രിച്ചിയിൽ 1937 ഏപ്രിൽ 26 – നാണ് അദ്ദേഹം ജനിച്ചത്. 1957 മെയ് 30-ന് ജെസ്യൂട്ട് സമൂഹത്തിൽ ചേർന്നു. 1970 ഏപ്രിൽ 14 -ന് ഫാ. സ്റ്റാൻ പൗരോഹിത്യം സ്വീകരിച്ചു. പിന്നീട് അദ്ദേഹം ഫിലിപ്പീൻസിൽ നിന്ന് സോഷ്യോളജിയിലും ദൈവശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടി. 1981 ഏപ്രിൽ 22 -ന് അദ്ദേഹം നിത്യവ്രത വാഗ്ദാനം സ്വീകരിച്ചു. ജെംഷെഡ്പൂർ ജെസ്യൂട്ട് പ്രൊവിൻസിലെ അംഗമായിരുന്ന അദ്ദേഹം ജീവിതകാലം മുഴുവൻ മനുഷ്യ നന്മയ്ക്കുപകരിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.
അറസ്റ്റും അതിലേയ്ക്ക് നയിച്ച സംഭവങ്ങളും
റാഞ്ചി പട്ടണത്തിലെ അറിയപ്പെടുന്ന സാമൂഹ്യ-രാഷ്ടീയപ്രവര്‍ത്തകരില്‍ ഒരാളായ ഫാ. സ്റ്റാന്‍ സ്വാമിയുടെ വസതിയില്‍ റെയ്ഡ് നടക്കുന്നു എന്ന വാര്‍ത്തയാണ് ഓഗസ്റ്റ് 28-ാം തീയതി രാവിലെ പട്ടണനിവാസികള്‍ കേട്ടത്.
ഫാ. സ്റ്റാന്‍ സ്വാമിയുടെ വസതിയായ റാഞ്ചിയിലെ ബഗൈച കാന്പസിലെത്തി, മഹാരാഷ്ട്ര – ജാര്‍ഖണ്ഡ് പോലീസ് ചേര്‍ന്ന് രാവിലെ ആറു മണി മുതല്‍ മണിക്കൂറുകള്‍ നീണ്ടു നിന്ന റെയ്ഡാണ് നടത്തിയത്. മൊബൈല്‍ ഫോണ്‍, ലാപ് ടോപ്പ്, ഓഡിയോ കാസറ്റ്‌സ്, സിഡി എന്നിവയോടൊപ്പം ലൈംഗികചൂഷണത്തിനും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ ഫാ. സ്റ്റാനിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ നടത്തിവന്നിരുന്ന പതല്‍ഗാഡി മൂവ്‌മെന്റുമായി ബന്ധപ്പെട്ട വാര്‍ത്താക്കുറിപ്പും കണ്ടുകെട്ടി. റെയ്ഡ് മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തിയെങ്കിലും എന്തിന്റെ പേരിലാണ് ഇത് നടത്തുന്നതെന്ന് ഫാ. സ്റ്റാനിനോട് പോലീസ് പറഞ്ഞതുമില്ല.
ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ ജനദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഫാ. സ്റ്റാനും സാമൂഹ്യപ്രവര്‍ത്തകരും പത്രപ്രവര്‍ത്തകരുമുള്‍പ്പെടുന്ന മറ്റ് 19 പേരും ചേര്‍ന്നു നടത്തിയ പ്രതികരണങ്ങളേയും പ്രതിഷേധത്തേയും തുടര്‍ന്നാണ് റെയ്ഡ് എന്നത് വ്യക്തവുമായിരുന്നു. തെളിവായി ഇവരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവ നിരത്തിയാണ് ഐടി ആക്ട് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ളതും.
അതിവേഗം വളരുന്ന ജാര്‍ഖണ്ഡ്
വലിയ വളര്‍ച്ചാസാധ്യതയുള്ളതും വികസനത്തിന്റെ കാര്യത്തില്‍ വലിയ കുതിപ്പ് നടത്തുന്നതുമായ സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. തലസ്ഥാനമായ റാഞ്ചിയും അതുപോലെ തന്നെ. ധാതുസമ്പത്തില്‍ മുന്നിലായതുകൊണ്ടുതന്നെ വലിയ വികസനം സാധ്യമാണെങ്കിലും സംസ്ഥാനത്തെ 39. 1 % ആളുകളും അതിതീവ്ര ദാരിദ്രത്തില്‍ കഴിയുന്നവരാണ്. 19 % കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുന്നു.
അഴിമതി മുഖമുദ്രയാക്കിയ നേതാക്കള്‍ ആരൊക്കെ മാറിവന്നാലും സംസ്ഥാനത്തെ നല്ലൊരു ശതമാനം വരുന്ന ആദിവാസി സമൂഹത്തിന് ദുരിതം മാറുന്നുമില്ല. 2014-ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനുശേഷം പ്രത്യേകിച്ചും അവര്‍ക്കെതിരെയുള്ള ചൂഷണങ്ങളും വലിയ തോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ആദിവാസികള്‍ക്ക് അവകാശപ്പെട്ട പലതും അവരുടെ മണ്ണില്‍ നിന്ന് വ്യാവസായിക വികസനത്തിന്റെ പേരിലും സ്വാര്‍ത്ഥലാഭത്തിനു വേണ്ടിയുമെല്ലാം തട്ടിയെടുക്കുക പതിവുമാണ്.
ധാതുസമ്പത്ത് തട്ടിയെടുക്കല്‍
ഒരു പ്രദേശത്തെ ധാതുസമ്പത്തിന്റെ അവകാശം ഭൂവുടമയ്ക്കു തന്നെയാണെന്ന സുപ്രീം കോടതി ഉത്തരവ് മറികടന്ന് അനധികൃതമായി ആദിവാസിമേഖലയില്‍ കടന്നുകയറി അവരെ ഭീഷണിപ്പെടുത്തിയും ചൂഷണം ചെയ്തും വിലപ്പെട്ട ധാതുനിക്ഷേപങ്ങള്‍ കൈക്കലാക്കുന്നത് ഉന്നതരുടെ പതിവാണ്.
ഫാ. സ്റ്റാന്‍ സ്വാമിയുടെ സേവനം
ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഫാ. സ്റ്റാന്‍ സ്വാമി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. യുറേനിയം റേഡിയേഷന് എതിരായ ഒരു പ്രക്ഷോഭത്തിലാണ് ഫാ. സ്റ്റാന്‍ ആദ്യം പ്രവര്‍ത്തിച്ചത്. ആദിവാസികളുടെ വാസസ്ഥലം നഷ്ടപ്പെടാതിരിക്കുന്നതിനു വേണ്ടിയുള്ള പ്രക്ഷോഭമായിരുന്നു അത്. അത് വിജയിച്ചതിനുശേഷം ബൊക്കാറോ, ഷന്താള്‍ കൊദെര്‍മാ മേഖലകളിലെ ആദിവാസികളുടെ ക്ഷേമത്തിനായി വിവിധ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഏര്‍പ്പെട്ടു.
അറസ്റ്റും വിചാരണയും നിരന്തരം
നക്‌സല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു എന്ന് കള്ളക്കേസും വ്യാജവാര്‍ത്തയും ഉണ്ടാക്കി ആദിവാസി യുവാക്കളെ പീഡിപ്പിക്കുന്നതും വിചാരണയ്ക്ക് വിധേയരാക്കുന്നതും പതിവാണ്. അത് ചൂണ്ടിക്കാട്ടി Jail Mein Band Qaidiyon ka Sac-h’ എന്ന പേരില്‍ ഫാ. സ്റ്റാന്‍ ഒരു പുസ്തകമെഴുതി. ഇത്തരത്തില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന യുവാക്കളില്‍ 97 % പേരുടേയും കുടുംബവരുമാനം 5,000 രൂപയില്‍ താഴെയാണെന്നും കേസില്‍പെട്ടാല്‍ വക്കീലിനു കൊടുക്കാന്‍പോലും അവര്‍ക്ക് നിവൃത്തിയില്ല എന്ന വസ്തുതയും ഫാ. സ്റ്റാന്‍ തുറന്നെഴുതി. അതോടെ അദ്ദേഹം അധികാരികളുടെ നോട്ടപ്പുള്ളിയുമായി. എങ്കിലും അത്തരത്തില്‍ ജയിലില്‍ ദീര്‍ഘകാലം കഴിയേണ്ടിവന്ന യുവാക്കള്‍ക്കുവേണ്ടി ഫാ. സ്റ്റാന്‍ സ്വയം മറന്ന് സഹായം ചെയ്തുപോന്നു.
പതല്‍ഗാഡി മൂവ്‌മെന്റ്
“സഹിക്കാവുന്നതിലപ്പുറം ചൂഷണവും അടിച്ചമര്‍ത്തലും ആദിവാസികള്‍ക്കെതിരെ നടക്കുകയും, അധികാരികളും ബന്ധപ്പെട്ടവരും ഇത്തരം അനീതികള്‍ക്കെതിരെ കണ്ണടയ്ക്കുകയും ചെയ്ത സമയത്താണ് ആദിവാസികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി പതല്‍ഗാഡി മൂവ്‌മെന്‌റ് ആരംഭിക്കാന്‍ തീരുമാനിച്ചത്. ധാതുസമ്പത്ത് തട്ടിയെടുത്ത് ബിസിനസുകാരും വ്യവസായികളും തഴച്ചുവളരുകയും ആദിവാസികള്‍ ദാരിദ്രത്തില്‍ നിന്ന് ദാരിദ്രത്തിലേയ്ക്ക് കൂപ്പുകുത്തുകയും ചെയ്തതോടെ ആ തീരുമാനവുമായി മുന്നോട്ടുപോവുകയായിരുന്നു” – വിപ്ലവം സൃഷ്ടിച്ച പതല്‍ഗാഡി മൂവ്‌മെന്റിനെക്കുറിച്ച് ഫാ. സാറ്റാന്‍ പറയുന്നു.
ചോദ്യം ചെയ്യലും അറസ്റ്റും
ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലെ ബഗൈച കാമ്പസില്‍ നിന്നാണ് എണ്‍പത്തിമൂന്നുകാരനായ ഫാ. സ്റ്റാന്‍ സ്വാമിയെ ഡല്‍ഹിയില്‍ നിന്നുള്ള എന്‍.ഐ.എ. സംഘം അറസ്റ്റ് ചെയ്തത്. റാഞ്ചിയില്‍ നിന്ന് മുംബൈയില്‍ എത്തിച്ച് കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ ഒക്ടോബര്‍ 23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഫാ. സ്റ്റാന്‍ സ്വാമി ഇപ്പോള്‍ നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലിലാണ്.
ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെ പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ തുടങ്ങിയവര്‍ അപലപിച്ചു. ‘ആദിവാസികളുടെ അവകാശത്തിനായി ജീവിതം മുഴുവന്‍ മാറ്റിവച്ച ആളാണ് സ്റ്റാന്‍ സ്വാമി. അതുകൊണ്ടാണ് മോദി ഭരണകൂടം അവരെ അടിച്ചമര്‍ത്താനും നിശബ്ദരാക്കാനും ശ്രമിക്കുന്നത്. ഇവരുടെ ഭരണം മൂലം ആദിവാസികളുടെ ജീവിതമാര്‍ഗ്ഗത്തിന് പുരോഗതി ഉണ്ടാക്കുന്നതിനു പകരം മൈനിംഗ് കമ്പനികളുടെ ലാഭം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നതെന്ന്’ രാമചന്ദ്ര ഗുഹ ട്വീറ്റ് ചെയ്തു.
ജൂലൈ 27 മുതല്‍ ആഗസ്റ്റ് ആറാം തീയതി വരെ 15 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിനോട് പരിപൂര്‍ണ്ണ സഹകരണം നടത്തിയ ശേഷമായിരുന്നു അറസ്റ്റ്. തനിക്കെതിരെ ഉണ്ടെന്ന് എന്‍.ഐ.എ. പറയുന്ന തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് അറസ്റ്റിനു മുമ്പായി ഫാ. സ്റ്റാന്‍ സ്വാമി പ്രതികരിച്ചു. വ്യാജതെളിവുകള്‍ ഉദ്യോഗസ്ഥര്‍ തന്റെ കംപ്യൂട്ടറില്‍ നിക്ഷേപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് 2018 മുതല്‍ പൂനെ പോലീസും എന്‍.ഐ.എ.-യും പലതവണ ചോദ്യം ചെയ്തിരുന്നു. താന്‍ താമസിക്കുന്ന ബഗൈച കാന്പസിന് തീവ്ര ഇടതുസംഘടനകളുമായി ഒരു ബന്ധവുമില്ലെന്നും ബഗൈച ജസ്യൂട്ട് മേല്‍നോട്ടത്തില്‍ നടത്തുന്ന ഒരു സാമൂഹികസ്ഥാപനമാണെന്നും അദ്ദേഹം പറഞ്ഞു.
അറസ്റ്റ് ചെയ്യപ്പെടുന്നതിന് രണ്ടുദിവസം മുമ്പ് ഫാ. സ്റ്റാന്‍ സ്വാമി നടത്തിയ ഒരു പ്രസ്താവന ഇപ്രകാരമായിരുന്നു: “അഞ്ചു ദിവസത്തിനിടെ പതിനഞ്ച് മണിക്കൂര്‍ എന്‍.ഐ.എ.-യുമായി ഞാന്‍ സഹകരിച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അനധികൃതമായി പലതും എന്റെ കപ്യൂട്ടറില്‍ നിന്ന് അവര്‍ ശേഖരിച്ചു. എന്തുകൊണ്ട് എന്നെ നിരന്തരം ശല്യപ്പെടുത്തുന്നു എന്ന് ചോദിച്ചിട്ടും ഉത്തരം ലഭിച്ചില്ല. കോവിഡ് രോഗവ്യാപനം നടക്കുന്ന സമയത്തും 65 വയസിനു മുകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നുണ്ടെങ്കിലും എന്റെ പ്രായം പോലും പരിഗണിക്കാതെ അവര്‍ എന്നെ നിരന്തരം ചോദ്യം ചെയ്യലിനായി മുംബൈയിലേയ്ക്ക് വിളിച്ചുവരുത്തുന്നതും ബുദ്ധിമുട്ടുണ്ടാക്കി. വീഡിയോ കോണ്‍ഫറന്‍സിലൂടെ ചോദ്യംചെയ്യല്‍ നടത്തണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിച്ചു. ഈ അഭ്യര്‍ത്ഥനകളൊന്നും നടപ്പാകുന്നില്ലെങ്കില്‍ വരുംവരായ്കകള്‍ നേരിടാന്‍ ഞാന്‍ തയ്യാറാണ്. പരീക്ഷണത്തിന്റെ ഈ നാളുകളിലെല്ലാം എന്നോടൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി!”
ആശുപത്രിയിൽ
തലോജ സെന്‍ട്രല്‍ ജയിലിലായിരുന്ന സ്റ്റാന്‍ സ്വാമിയെ ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് മേയ് 28-നാണ് രണ്ടാഴ്ചത്തെ ചികിത്സയ്ക്കായിആശുപത്രിയിലേയ്ക്ക് മാറ്റിയത്. ആശുപത്രിയില്‍ വച്ച് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട്, കടുത്ത ശ്വാസ തടസത്തേയും ഓക്സിജന്‍ നിലയിലെ വ്യതിയാനത്തേയും തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി.
മരണം
ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ വച്ചായിരുന്നു ഫാ. സ്റ്റാൻസ്ലാവോസ് ലൂർദ്സ്വാമി എന്ന സ്റ്റാൻ സ്വാമിയുടെ മരണം. മനുഷ്യ നന്മയുടെ ജസ്യൂട്ട് മുഖമായിരുന്നു അദ്ദേഹം. ആ ജീവിതവും മരണം അനേകരെ സ്വാധീനിക്കുമെന്നും അനവധി മാറ്റങ്ങൾക്കു തുടക്കം കുറിക്കും എന്നും തീർച്ചയാണ്.
കീര്‍ത്തി ജേക്കബ്
കടപ്പാട്: https://cjp.org.in/fr-stan-swamy-the-jharkhand-priest-who-made-people-his-religion/, https://www.siasat.com/fr-stan-swamy-the-jharkhand-priest-who-made-people-hisreligion1995749/#:~:text=New%20Delhi%3A%20On%20the%20morning,city’s%20prominent%20social%20and%20political