ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് തടഞ്ഞു. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് വിലക്കി ഉത്തരവ് ഇറക്കിയത്. മറ്റ് പേരുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കരുത്. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഭക്ഷണം കഴിച്ച ശേഷം നല്കുന്ന ബില്ലില്‍ ചേര്‍ത്തും സര്‍വീസ് ചാര്‍ജ് ഈടാക്കരുത് എന്ന് ഉത്തരവില്‍ പറയുന്നു.
ഏതെങ്കിലും തരത്തില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെട്ട് പരാതി നല്‍കാവുന്നതാണെന്നും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വ്യക്തമാക്കി. 1915 എന്ന നമ്പറിലാണ് പരാതി നല്‍കാനായി വിളിക്കേണ്ടത്. ഭക്ഷണം കഴിച്ച ശേഷം ഹോട്ടലുകള്‍ സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ പണം ഈടാക്കുന്നതിന് എതിരെ വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു.
കേന്ദ്ര ഭക്ഷ്യ ഉപഭോക്തൃ മന്ത്രാലയത്തിന് കീഴിലെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ മന്ത്രാലയം അഥവാ സിസിപിഎയുടേതാണ് നിര്‍ണായക ഉത്തരവ്. രാജ്യത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ഇനി മുതല്‍ ബില്ലിനോടൊപ്പം സര്‍വീസ് ചാര്‍ജ് ഈടാക്കരുത്. സര്‍വീസ് ചാര്‍ജ് നല്‍കിയില്ല എന്ന കാരണത്താല്‍ ഒരു ഉപഭോക്താവിനെയും സ്ഥാപനത്തിലേക്ക് പ്രവേശിക്കുന്നത് വിലക്കാനും ഉടമകള്‍ക്കാകില്ല. അധിക സര്‍വീസ് ചാര്‍ജ് ബില്ലിനൊപ്പം ഈടാക്കുന്നത് ഉപഭോക്താവിനോടുള്ള അനീതിയാണെന്നും ഉപഭോക്ത സംരക്ഷണ അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്നു.
ആഡംബര ഹോട്ടലുകളടക്കം സര്‍വീസ് ചാര്‍ജിന്റെ പേരില്‍ ഉപഭോക്താവില്‍നിന്നും വന്‍തുക ഈടാക്കുന്നുവെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നിര്‍ദേശം. അതേസമയം ഏതെങ്കിലും തരത്തില്‍ അധിക പണം ഈടാക്കുന്നുണ്ടെങ്കില്‍ ഉപഭോക്താവിനെ അറിയിക്കണമെന്നും ഇത് ഭക്ഷണ ബില്ലിനൊപ്പം ചേര്‍ക്കരുതെന്നും ഉത്തരവിലുണ്ട്. ഇതടക്കം പുതുക്കിയ മാര്‍ഗനിര്‍ദേശവും സിസിപിഎ പുറത്തിറക്കിയിട്ടുണ്ട്.