Thursday, January 23, 2025

ജാമറുകളും ബൂസ്റ്ററുകളും വില്‍ക്കുന്നതിനു കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ വിലക്ക്

ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വയര്‍ലസ് ജാമറുകള്‍ വില്‍ക്കുന്നതു വിലക്കി കേന്ദ്ര ടെലികോം മന്ത്രാലയം. മൊബൈല്‍ സിഗ്‌നല്‍, ജിപിഎസ് സിഗ്‌നല്‍ എന്നിവ ബ്ലോക്ക് ചെയ്യുന്ന തരത്തിലുള്ള ഉപകരണങ്ങള്‍ സര്‍ക്കാരിന്റെ നിര്‍ദേശമില്ലാതെ സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വില്‍ക്കാന്‍ പാടില്ല.

ഇന്ത്യയില്‍ സിഗ്‌നല്‍ ജാമിംഗ് ഉപകരണങ്ങളുടെ പരസ്യം, വില്‍പന, വിതരണം, ഇറക്കുമതി എന്നിവ നിയമവിരുദ്ധമാണെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഇതിനു പുറമേ ടെലികോം സേവന ദാതാക്കള്‍ ഒഴികെ മൊബൈല്‍ ഫോണുകളുടെ നെറ്റ്വര്‍ക്ക് സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള സിഗ്‌നല്‍ ബൂസ്റ്ററുകള്‍, ആംപ്ലിഫയറുകള്‍ എന്നിവ സ്വകാര്യ വ്യക്തികള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും കൈവശം വയ്ക്കുന്നതിനും വിലക്കുണ്ട്.

വയര്‍ലെസ് ജാമറുകള്‍ വില്‍ക്കുകയോ വില്‍പ്പനയ്ക്കുള്ള സാഹചര്യങ്ങള്‍ ഒരുക്കുകയോ ചെയ്യുന്നതില്‍നിന്ന് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ പിന്മാറണം എന്നാവശ്യപ്പെട്ടു ജനുവരിയിലാണ് ടെലികോം വകുപ്പ് നോട്ടീസ് നല്‍കുന്നത്.

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് നോട്ടീസിന്റെ പകര്‍പ്പ് നല്‍കിയിരുന്നു. വയര്‍ലെസ് ടെലിഗ്രാഫ് ആക്റ്റ് (1933), ഇന്ത്യന്‍ ടെലിഗ്രാഫ് ആക്റ്റ് (1885) തുടങ്ങിയ നിയമങ്ങള്‍ അനുസരിച്ച് മൊബൈല്‍ സിഗ്‌നല്‍ ബൂസ്റ്ററുകള്‍ വില്‍ക്കുന്നതും സ്ഥാപിക്കുന്നതും കൈവശം വയ്ക്കുന്നതും ശിക്ഷാര്‍ഹമാണ്.

മൊബൈല്‍ സിഗ്‌നല്‍ ബൂസ്റ്ററുകള്‍, ജാമറുകള്‍ എന്നിവയുടെ അനധികൃത ഉപയോഗം ടെലികോം സേവനങ്ങളെ പ്രതികൂലമായി ബാധിക്കുകയും രാജ്യത്തുടനീളമുള്ള പൗരന്മാര്‍ക്ക് കുറ്റമറ്റ നെറ്റ്വര്‍ക്ക് സൗകര്യങ്ങള്‍ നല്‍കുന്നതിന് വെല്ലുവിളിയാണെന്നും ടെലികോം മന്ത്രാലയം വ്യക്തമാക്കി.

 

Latest News