Thursday, January 23, 2025

ക്രിസ്തുവിനേയും ക്രിസ്തു മതത്തേയും അവഹേളിച്ച് പ്രഭാഷണം; മതപ്രഭാഷകനെതിരെ കേസെടുത്തു

യേശുവിനെയും ക്രിസ്തു മതത്തെയും അവഹേളിച്ച് സംസാരിച്ച മതപ്രഭാഷകനെതിരെ കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി വസീം അല്‍ ഹിക്കാമിക്ക് എതിരെയാണ് നടപടി. ബിജെപി നേതാവ് അനൂപ് ആന്റണിയുടെ ഹര്‍ജിയില്‍ കോടതി നിര്‍ദേശപ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

മതപ്രഭാഷകനായ വസീം അല്‍ ഹിക്കാമിയുടെ യൂട്യൂബ് വീഡിയോയാണ് വിവാദങ്ങളിലേക്ക് നയിച്ചത്. ക്രൈസ്തവര്‍ പുണ്യദിനമായി കാണുന്ന ക്രിസ്മസിനേയും യേശുവിന്റെ ജന്മത്തെയും അവഹേളിച്ച് സംസാരിച്ചു എന്നായിരുന്നു ആരോപണം. മതപ്രഭാഷകനെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അനൂപ് ആന്റണി സംസ്ഥാന ഡി.ജി.പിക്കും സൈബര്‍ ക്രൈം വിഭാഗത്തിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. യൂട്യൂബ് ദൃശ്യങ്ങള്‍ പരിശോധിച്ച കോടതി പരാതി പരിശോധിക്കാനും നടപടിയെടുക്കാനും പൊലീസിനോട് ആവശ്യപ്പെട്ടു.

പിന്നീട് കൊച്ചി സൈബര്‍ പൊലീസ് വസീം അല്‍ ഹിക്കാമിയെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. മതവിദ്വേഷം സൃഷ്ടിക്കുക, മതവികാരം വ്രണപ്പെടുത്തുന്നതിന് ബോധപൂര്‍വം പ്രവര്‍ത്തിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സമാന സ്വഭാവമുളള മറ്റൊരു പരാതിയില്‍ വസീം അല്‍ ഹിക്കാമിക്കെതിരെ കോട്ടയം സൈബര്‍ പൊലീസും കഴിഞ്ഞ മാസം കേസെടുത്തിരുന്നു.

 

Latest News