അഗ്‌നിപഥ് വഴി വ്യോമസേനയിലേക്ക് അപേക്ഷിച്ചത് റെക്കോര്‍ഡ് അപേക്ഷകരെന്ന് സൈനിക വൃത്തങ്ങള്‍. ഏഴ് ലക്ഷത്തി നാല്‍പ്പതിയൊമ്പതിനായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റിയൊമ്പത് (7,49,899) പേരാണ് പദ്ധതി വഴി സൈന്യത്തില്‍ പ്രവേശനം നേടാന്‍ അപേക്ഷ സമര്‍പ്പിച്ചത്. പദ്ധതിക്കായി വ്യോമസേനയിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഇന്നലെ അവസാനിച്ചിരുന്നു. ഒറ്റത്തവണ റിക്രൂട്ട്‌മെന്റിനായി 6,31,528 പേര്‍ അപേക്ഷിച്ചതാണ് വ്യോമസേനയിലെ റെക്കോര്‍ഡ്.
ഹ്രസ്വ സൈനിക സേവനത്തിന് നാവിക സേനയിലേക്ക് അപേക്ഷിച്ചവരില്‍ പതിനായിരം പേര്‍ വനിതകളാണെന്ന വിവരം ഇന്നലെ പുറത്ത് വന്നിരുന്നു. 3 ദിവസത്തിനിടെയാണ് ഇത്രയേറെ വനിതകള്‍ അപേക്ഷിച്ചതെന്ന് നാവികസേന വ്യക്തമാക്കിയിരുന്നു. നാവിക സേനയില്‍ ഓഫീസര്‍ റാങ്കിന് താഴെ വനിതകള്‍ക്ക് അവസരം ലഭിക്കുന്നത് ആദ്യമായാണ്. അഗ്‌നിപഥ് പദ്ധതി വഴി നിയമിക്കുന്നവരെ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം സെയ്‌ലര്‍ തസ്തികയില്‍ യുദ്ധ കപ്പലുകളില്‍ അടക്കം നിയമിക്കുമെന്ന് നാവിക സേന വ്യക്തമാക്കിയിട്ടുണ്ട്.
അഗ്‌നിപഥ് പദ്ധതിക്കെതിരായ ഹര്‍ജികളില്‍ അടുത്താഴ്ച വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയുടെ പേരില്‍ ആര്‍മി നേരത്തെ നടത്തിയ സെലക്ഷന്‍ നടപടികള്‍ റദ്ദാക്കിയതിനെതിരെ ഉദ്യോഗാര്‍ത്ഥികളില്‍ ചിലരും കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടയില്‍, അഗ്‌നിപഥ് പദ്ധതിയെ ശക്തമായി പ്രതിരോധിക്കാന്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം തീരുമാനിച്ചിട്ടുണ്ട്.