സ്ത്രീകള്‍ക്ക് ഏറ്റവും മികച്ചതും മോശവുമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 148ാം സ്ഥാനത്ത്. കഴിഞ്ഞ ദിവസം പുറത്തുവന്ന വുമണ്‍, പീസ് ആന്റ് സെക്യൂരിറ്റി ഇന്‍ഡക്സിലാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
ജോര്ജ്ടൗണ് യൂണിവേഴ്സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വുമണ്‍, പീസ് ആന്റ് സെക്യൂരിറ്റി, ഓസ്ലോയിലെ ദി പീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് 2021- 2022 കാലത്തെ കണക്കുകളെ അടിസ്ഥാനപ്പെടുത്തി ലോകത്തിലെ സ്ത്രീകള്‍ക്ക് ഏറ്റവും മികച്ചതും മോശവുമായ രാജ്യങ്ങളെക്കുറിച്ച് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
സ്ത്രീകളുടെ പങ്കാളിത്തം, നീതി ലഭ്യത, സുരക്ഷ എന്നിവ മുന്‍നിര്‍ത്തികൊണ്ടാണ് ഇന്‍ഡക്സ് തയ്യാറാക്കിയിരിക്കുന്നത്. ഇതുപ്രകാരം ഓരോ രാജ്യത്തിനും ഒരു ദേശീയ സൂചിക സ്കോര്‍ നല്‍കിയിട്ടുണ്ട്. 170 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് സ്കാന്ഡിനേവിയന് രാജ്യമായ നോര്‍വെയാണ്. 0.922 സ്കോര്‍ ലഭിച്ചിരിക്കുന്നത്. 0.278 സ്കോറുമായി അഫ്ഗാനിസ്ഥാന് ഏറ്റവും ഒടുവിലെത്തി.
പട്ടിക അനുസരിച്ച് ആദ്യ അഞ്ച് സ്ഥാനവും കരസ്ഥമാക്കിയിരിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളാണ്. രണ്ടാം സ്ഥാനത്ത് 0.909 സ്കോറോടെ ഫിന്‍ലാന്‍ഡാണ് ഉള്ളത്. മൂന്നും നാലും സ്ഥാനത്ത് ഐസ്ലാന്‍ഡും ഡെന്മാര്ക്കുമാണ്. അഞ്ചാം സ്ഥാനത്ത് ലക്സംബര്‍ഗും. ഇവയാണ് പട്ടികയില്‍ മുന്നിലുള്ള രാജ്യങ്ങള്‍. എന്നാല്‍ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ അനുയോജ്യമല്ലാത്ത രാജ്യങ്ങളില്‍ മിക്കതും യുദ്ധം തകര്‍ത്ത രാജ്യങ്ങളാണ്.