റഷ്യ- യുക്രൈന്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭ ദയനീയമായി പരാജയപ്പെട്ടെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍. റഷ്യയുടെ യുക്രൈന്‍ അധിനിവേശം കൈകാര്യം ചെയ്യുന്നതില്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പരാജയപ്പെട്ടെന്നാണ് ജസീന്ത ആര്‍ഡേന്‍ പറഞ്ഞത്. റഷ്യയുടേത് ധാര്‍മികമായി തെറ്റായ നടപടിയായിരുന്നെന്നും അവര്‍ പറഞ്ഞു.
സ്ഥിരാംഗങ്ങളായ ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, റഷ്യ, അമേരിക്ക എന്നീ അഞ്ച് രാജ്യങ്ങള്‍ക്ക് യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ നല്‍കുന്ന വീറ്റോ അധികാരത്തെ ന്യൂസിലാന്‍ഡ് നേരത്തെ തന്നെ എതിര്‍ത്തിരുന്നു. സെക്യൂരിറ്റി കൗണ്‍സിലില്‍ മാറ്റങ്ങള്‍ വരുത്തണമെന്നും പ്രധാനമന്ത്രി ജെസീന്ത ആര്‍ഡേന്‍ ആവശ്യപ്പെട്ടിരുന്നു.
സെക്യൂരിറ്റി കൗണ്‍സിലിലെ റഷ്യയുടെ വീറ്റോ അധികാരമാണ് യുക്രൈന്‍ വിഷയത്തില്‍ യു.എന്‍ നടപടിയെടുക്കാന്‍ പരാജയപ്പെടാന്‍ കാരണമെന്നും ജെസീന്ത ആര്‍ഡേന്‍ കൂട്ടിച്ചേര്‍ത്തു. ഓസ്ട്രേലിയയിലെ സിഡ്നിയില്‍ ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് തിങ്ക് ടാങ്കില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി.
നിയമവിരുദ്ധമായ യുദ്ധത്തിന്റെ കാര്യത്തില്‍ ധാര്‍മികമായി തെറ്റായ നിലപാട് സ്വീകരിക്കാന്‍ റഷ്യ തങ്ങളുടെ സെക്യൂരിറ്റി കൗണ്‍സിലിലെ സ്ഥാനം ദുരുപയോഗം ചെയ്തു എന്നും അവര്‍ പ്രതികരിച്ചു.
സംഘടനയുടെ മൂല്യവും പ്രസക്തിയും കുറയുന്നില്ല എന്ന് ഉറപ്പാക്കുന്നതിന് വേണ്ടി യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ ആവശ്യപ്പെടുമെന്നും ജസീന്ത ആര്‍ഡേന്‍ കൂട്ടിച്ചേര്‍ത്തു.
‘നമുക്ക് ഐക്യരാഷ്ട്ര സഭ പരിഷ്‌കരിക്കേണ്ടതുണ്ട്. അങ്ങനെയാണെങ്കില്‍ സ്വയംഭരണ രീതിയില്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുന്ന രാജ്യങ്ങളെ നമ്മള്‍ ആശ്രയിക്കേണ്ടി വരില്ല,” അവര്‍ പറഞ്ഞു.
യുക്രൈന്‍ അധിനിവേശത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം റഷ്യക്കാണ്. യുദ്ധ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനും വിചാരണ നടത്താനും വേണ്ട നടപടികള്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി സ്വീകരിക്കണം. യുക്രൈന്‍ വിഷയത്തില്‍ റഷ്യക്കെതിരായ കേസില്‍ കോടതിയില്‍ മൂന്നാം കക്ഷിയാകാന്‍ ന്യൂസിലാന്‍ഡ് തയാറാണെന്നും ജസീന്ത അഭിപ്രായപ്പെട്ടു.