കൊവിഡ് വാക്സിന് ഡോസുകള്‍ക്കിടയിലുള്ള ഇടവേള കുറച്ച് കേന്ദ്രസര്‍ക്കാര്‍.രണ്ടാം ഡോസിനും ബൂസ്റ്റര്‍ ഡോസിനും ഇടയിലുള്ള ഇടവേളയാണ് കുറച്ചത്.അതേസമയം രാജ്യത്ത് 18,930 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു.
രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ നിലവിലുള്ള രണ്ടാം ഡോസിനും ബൂസ്റ്റര്‍ ഡോസിനും ഇടയിലുള്ള ഇടവേളയാണ് ഒമ്പത് മാസത്തില്‍ നിന്നും ആറ് മാസമായി കുറച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് തീരുമാനം പ്രഖ്യാപിച്ചത്.
ദേശീയ രോഗപ്രതിരോധ കുത്തിവെപ്പ് ഉപദേശക സമിതിയുടെ നിര്‍ദേശപ്രകാരമാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ശാസ്ത്രീയമായ തെളിവുകള്‍ മുന്‍നിര്‍ത്തിയും മറ്റ് രാജ്യങ്ങളുടെ മാതൃക പിന്തുടര്ന്നുമാണ് നിര്‍ണായക തീരുമാനമെടുത്തതെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.ഇക്കാര്യത്തില്‍ സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്കി. കോവിന്‍ വെബ്സൈറ്റിലും മാറ്റം വരുത്തും. 60 വയസിന് മുകളിലുള്ളവര്‍ക്കും ആരോഗ്യ-മുന്‍നിര പ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ സൗജന്യമായി വാക്സിന് നല്‍കും.
അതേസമയം രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 18,930 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 35 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് 4.32 ശതമാനമായി.
നിലവില്‍ ചികിലുള്ളവരുടെ എണ്ണം 1,19,457 ആയി ഉയര്‍ന്നു.എന്നാല്‍ കൊവിഡ് ഒമൈക്രോണ്‍ വകഭേദത്തിന് പുതിയ ഉപവകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന പറഞ്ഞു.