Thursday, January 23, 2025

ബഫര്‍ സോണ്‍; കേരളത്തെ ഒഴിവാക്കാന്‍ കേന്ദ്രം നിയമ നിര്‍മ്മാണം നടത്തണമെന്ന് നിയമസഭയില്‍ പ്രമേയം

ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീംകോടതി വിധിയില്‍ നിന്ന് കേരളത്തെ ഒഴിവാക്കാന്‍ കേന്ദ്രം നിയമ നിര്‍മ്മാണം നടത്തണമെന്ന് നിയമസഭ. ഐക്യകണ്‌ഠേനയാണ് പ്രമേയം പാസാക്കിയത്.

വന്യജീവി സങ്കേതങ്ങളുടേയും ദേശീയോദ്യാനങ്ങളുടേയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം ഇക്കോ സെന്‍സിറ്റീവ് സോണ്‍ ആക്കുന്നതില്‍ നിന്നും കേരളത്തെ ഒഴിവാക്കാന്‍ നിയമ നിര്‍മ്മാണം വേണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് കേരള നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവില്‍ കേരളത്തിന്റെ 30% ഭൂമി വനം ആണ്. കൂടാതെ ആകെ ഭൂപ്രദേശത്തിന്റെ 48% പശ്ചിമഘട്ട മല നിരകള്‍ ,കായല്‍ ,നെല്‍വയല്‍ ,തണ്ണീര്‍ത്തടം എന്നിവയാണ്. ഈ സാഹചര്യത്തില്‍ വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ജനവാസ പ്രദേശങ്ങള്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ ആക്കിയാല്‍ ജന ജീവിതം ദുസഹമാകുമെന്ന് നിയമസഭ ആശങ്ക രേഖപ്പെടുത്തി. ജനവാസ മേഖലകള്‍ ,കൃഷിയിടങ്ങള്‍ ,പൊതു സ്ഥാപനങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ നിയമ നിര്‍മ്മാണം നടത്തണം എന്നാണ് നിയമസഭ കേന്ദ്ര സര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.

പ്രതിപക്ഷത്ത് നിന്ന് എന്‍ ഷംസുദീന്‍ നല്‍കിയ രണ്ട് ഭേദഗതികള്‍ സഭ അംഗീകരിച്ചു. ഐക്യകണ്‌ഠേനയാണ് നിയമസഭ പ്രമേയം പാസാക്കിയത്. ബഫര്‍ സോണ്‍ വിഷയത്തില്‍ കേരളത്തിന്റെ യോജിപ്പ് ആണ് നിയമസഭയില്‍ കണ്ടത്.

 

Latest News