കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്ക് ജിമ്മില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തി, താലിബാന്‍ ഭരണകൂടം. കൗമാരക്കാരായ ആണ്‍കുട്ടികള്‍ ജിമ്മില്‍ പോയാല്‍ മുതിര്‍ന്ന പുരുഷന്മാരെ അത് ലൈംഗികമായി പ്രകോപിപ്പിക്കുമെന്നും താലിബാന്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജിം കേന്ദ്രങ്ങളില്‍ താലിബാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
കൗമാരക്കാരായ ആണ്‍കുട്ടികള്‍ ജിമ്മുകളില്‍ മുതിര്‍ന്നവര്‍ക്കൊപ്പം വ്യായാമം ചെയ്യുന്നരുതെന്ന് താലിബാന്‍ ഉത്തരവിട്ടു. എന്നാല്‍ താലിബാന്റെ ഈ നിയന്ത്രണം തെറ്റാണെന്ന് അഭിപ്രായം ഉയര്‍ന്നു. ജിമ്മില്‍ ആണ്‍കുട്ടികളെ വിലക്കിയാല്‍ അത് കായിക വിനോദ രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അത്ലറ്റുകളും ജിം ഉടമകളും പറയുന്നു. അഫ്ഗാനില്‍ ഏറെ പ്രചാരമുള്ള ഒന്നാണ് ബോഡി ബില്‍ഡിങ് രംഗം.
ജിമ്മുകളില്‍ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ ബോഡി ബില്‍ഡര്‍മാര്‍ ഇറുകിയ വസ്ത്രം ധരിക്കരുതെന്നാണ് താലിബാന്റെ മറ്റൊരു ഉത്തരവ്. ഇത്തരത്തില്‍ വര്‍ക്കൗട്ട് ചെയ്യുന്നവര്‍ അയഞ്ഞ വസ്ത്രങ്ങള്‍ വേണം ധരിക്കാന്‍. എന്നാല്‍ താലിബാന്റെ നയങ്ങളെ ചോദ്യം ചെയ്ത് ജിം ഉടമകള്‍ രംഗത്ത് വന്നു. ജിമ്മില്‍ പുരുഷന്മാര്‍ മാത്രമാണുള്ളതെന്നും മതപരമായി എതിര്‍ക്കാന്‍ കഴിയുന്ന ഒന്നും ജിമ്മില്‍ നടക്കുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കി.