Sunday, November 24, 2024

വാഹന ഇന്‍ഷ്വറന്‍സ് രംഗത്ത് നൂതന സാങ്കേതിക പരിഷ്‌കാരങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

വാഹന ഇന്‍ഷ്വറന്‍സ് രംഗത്ത് നൂതന സാങ്കേതിക പരിഷ്‌കാരങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. വാഹനത്തിന്റെ ഉപയോഗം അനുസരിച്ച് പ്രീമിയം തുക ഈടാക്കുന്ന ഇന്‍ഷ്വറന്‍സ് വ്യവസ്ഥകള്‍ പുറത്തിറക്കാന്‍ കമ്പനികള്‍ക്ക് ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) അനുമതി നല്‍കി.

കൂടുതലായി വാഹനം ഉപയോഗിക്കുന്നവരും വാഹന ഉപയോഗം കുറവുള്ളവരും ഒരേ നിരക്കില്‍ പ്രീമിയം അടയ്ക്കുന്നത് ഒഴിവാക്കാന്‍ നടപടി സഹായിക്കും. വാഹനം സഞ്ചരിക്കുന്ന ദൂരം, ഡ്രൈവിംഗ് രീതി എന്നിവ അടിസ്ഥാനമാക്കിയാണ് പുതിയ പ്രീമിയം നിശ്ചയിക്കുന്നത്. ഒരാളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ ഒന്നിച്ച് ഇന്‍ഷ്വര്‍ ചെയ്യുന്നതിനുള്ള ഫ്‌ളോട്ടിംഗ് ഇന്‍ഷ്വറന്‍സ് പദ്ധതിക്കും ഐആര്‍ഡിഎഐ അനുമതി നല്‍കിയിട്ടുണ്ട്.

ഡ്രൈവ് ചെയ്യുന്‌പോള്‍ പണമടയ്ക്കുക എന്ന പേരിലുള്ള ഇന്‍ഷ്വറന്‍സ് ആഡ് ഓണ്‍ വാഹന ഉപയോഗത്തെ അടിസ്ഥാനമാക്കിയാണ് പ്രീമിയം ഈടാക്കുന്നത്. കൂടുതല്‍ ഓടുന്ന വാഹനങ്ങള്‍ക്ക് കുറച്ച് ഓടുന്നവയെ അപേക്ഷിച്ച് ഉയര്‍ന്ന പ്രീമിയം അടയ്ക്കണം.

ആളുകള്‍ കൂടുതലായി പൊതുഗതാഗതത്തെ ആശ്രയിക്കുന്നതിനും അവധി ദിവസങ്ങളില്‍ മാത്രം സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനും ഇതു സഹായിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

ഡ്രൈവിംഗ് സ്വഭാവത്തെ അടിസ്ഥാനമാക്കിയുള്ള പ്രീമിയം വാഹന ഉപയോക്താക്കളെ കൂടുതല്‍ ഉത്തരവാദിത്വത്തോടെ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കും. കൂടുതല്‍ പിഴയും അപകടങ്ങളും ഉണ്ടാക്കിയിട്ടുള്ള വാഹനങ്ങള്‍ കൂടുതല്‍ പ്രീമിയം നല്‍കണം.

വാഹനത്തിന്റെ ജിപിഎസ്, ജിയോ ടാഗിംഗ് സംവിധാനങ്ങളിലുടെ ഡ്രൈവിംഗ് സ്വഭാവവും മറ്റു വിശദാംശങ്ങളും സ്വീകരിക്കും. ഇതനുസരിച്ചാകും അടയ്‌ക്കേണ്ട പ്രീമിയം തുക കണക്കാക്കുന്നത്. അശ്രദ്ധമായി വാഹനം ഓടിക്കുന്നവരില്‍നിന്ന് ഉയര്‍ന്ന പ്രീമിയം ഈടാക്കും.

 

Latest News