ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകള്‍ക്ക് മെട്രോയില്‍ കയറുന്നതിന് വിലക്കേര്‍പ്പെടുത്തി ഇറാനിലെ മഷാദ് മെട്രോ. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമാണിത്. എല്ലാ സ്ത്രീകളും മുടിയും തലയും കഴുത്തും മറയ്ക്കുന്ന രീതിയില്‍ ഹിജാബ് ധരിക്കണമെന്നാണ് ഇറാനിലെ നിയമം അനുശാസിക്കുന്നത്. എന്നാല്‍ ടെഹ്റാന് പോലുള്ള രാജ്യത്തെ പല സ്ഥലങ്ങളിലും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി പല മാറ്റങ്ങളും നടക്കുന്നുണ്ട്. ശിരോവസ്ത്രം പിന്നിലേക്ക് അല്പം മാറ്റിയും അല്പം മുടി കാണിച്ചുമൊക്കെ രാജ്യത്തെ സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
ഇസ്ലാമിക നിയമങ്ങള്‍ അനുശാസിക്കുന്ന രീതിയില്‍ ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകളെ മെട്രോയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മഷാദിലെ ഡെപ്യൂട്ടി പ്രോസിക്യൂട്ടര്‍ സിറ്റി ഗവര്‍ണര്‍ക്ക് കത്തെഴുതിയിരുന്നു. സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കാത്തതിനെ തുടര്‍ന്ന് ഇറാനിലെ കോം നഗരത്തിലെ മൂന്ന് കോഫി ഷോപ്പുകള്‍ അധികൃതര്‍ അടപ്പിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കഴിഞ്ഞ മാസം, തെക്കന്‍ നഗരമായ ഷിറാസില്‍ സ്കേറ്റ്ബോര്‍ഡിംഗ് പരിപാടിക്കിടെ ശിരോവസ്ത്രം അഴിച്ചതിന് നിരവധി പെണ്‍കുട്ടികളെയും സംഘാടകരെയും പോലീസ് അറസ്റ്റും ചെയ്തിരുന്നു.