തെക്കന്‍ കശ്മീരിലെ അമര്‍നാഥ് ഗുഹാക്ഷേത്രത്തിനു സമീപം മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് മഴവെള്ളം കുത്തിയൊലിച്ചുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. നാല്‍പതിലേറെപ്പേരെ കാണാതായി.
ഇതുവരെ 15,000ലേറെ പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ എയര്‍ ആംബുലന്‍സില്‍ ആശുപത്രികളിലേക്കു മാറ്റി. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം അമര്‍നാഥ് തീര്‍ഥാടനം പുരോഗമിക്കുന്നതിനിടെയുണ്ടായ ദുരന്തം കടുത്ത ആശങ്കയുയര്‍ത്തി.
വെള്ളിയാഴ്ച വൈകിട്ട് 5.30 നാണ് അപകടം. പെട്ടെന്നുള്ള പേമാരിയില്‍ ഗുഹാമുഖത്തിന് മുകളില്‍നിന്നും വശങ്ങളില്‍നിന്നും വെള്ളവും ചെളിയും കുത്തിയൊലിക്കുകയായിരുന്നു.
തീര്‍ഥാടകര്‍ക്ക് ഭക്ഷണം നല്‍കുന്ന 25 ടെന്റുകളും മൂന്ന് സമൂഹ അടുക്കളകളും കനത്ത മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. ദേശീയ-സംസ്ഥാന ദുരന്തനിവാരണസേനയുടെ നേതൃത്വത്തില്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു.
ഇന്ത്യന്‍ സൈന്യവും ഇന്തോ – ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, എന്‍ഡിആര്‍എഫിന്റെ മൂന്ന് സംഘങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തില്‍ ആശങ്കയും ദുഃഖവും പ്രകടിപ്പിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയെ വിളിച്ച് സ്ഥിതിഗതികളാരാഞ്ഞു. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ സേനാവിഭാഗങ്ങളോട് നിര്‍ദേശിച്ചു.
കനത്തമഴ തുടരുന്നതിനാല്‍ അമര്‍നാഥ് തീര്‍ഥാടനം താത്കാലികമായി നിര്‍ത്തിവെച്ചു. കാലാവസ്ഥ അനുകൂലമാകുന്നതോടെ താത്കാലിക വിശ്രമകേന്ദ്രങ്ങളും മറ്റും പുനഃസ്ഥാപിക്കുമെന്നും തീര്‍ഥാടനം പുനരാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.