ഗ്രഹങ്ങളില്‍ നിന്ന് നേരിട്ട് റോക്കറ്റ് വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ് അമേരിക്കയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ. നിലവില്‍ ചൊവ്വയില്‍ നടക്കുന്ന പര്യവേഷണത്തിന്റെ ഭാഗമായി വിവിധ വസ്തുക്കളെ ഭൂമിയിലേയ്ക്ക് എത്തിക്കാന്‍ റോക്കറ്റുകള്‍ ഉപയോഗിക്കാനാണ് നാസയുടെ നീക്കം. മാഴ്സ് സാംപിള്‍ റിട്ടേണ്‍ പ്രോഗ്രാം എന്ന ദൗത്യത്തിന്റെ ഭാഗമായാണ് റോക്കറ്റുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 194 ദശലക്ഷം ഡോളറാണ് ദൗത്യത്തിന്റെ പ്രാഥമിക ചിലവ്.
ചൊവ്വയിലെ പര്യവേഷണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. കൂടുതല്‍ പരിശോധനകള്‍ക്കായി കല്ലും മണ്ണും വാതകങ്ങളുമെല്ലാം ഭൂമിയിലേക്ക് എത്തിക്കേണ്ടതുണ്ട്. ചൊവ്വയില്‍ നിന്നും അവയെല്ലാം വഹിച്ചുകൊണ്ടുള്ള വാഹനങ്ങളെ ഭൂമിയിലെത്തിക്കാന്‍ വിക്ഷേപണം നടത്താനൊരുങ്ങുകയാണ്. മാഴ്സ് ആസെന്റ് വെഹിക്കിള്‍(എംഎവി)യുടെ സഹായത്താല്‍ റോക്കറ്റുകള്‍ ഇനി ഭൂമിയിലേക്ക് വിക്ഷേപിക്കാനുള്ള സാങ്കേതിക വിദ്യയാണ് പൂര്‍ത്തിയായിരിക്കുന്നത്. റോക്കറ്റ് നിര്‍മ്മിച്ചിരിക്കുന്ന ലോക്ഹീഡ് മാര്ട്ടിന് സ്പേസാണെന്നും നാസ അറിയിച്ചു.
ഒരു വിദേശ ഉപഗ്രഹത്തില്‍ നിന്ന് റോക്കറ്റ് വിക്ഷേപിക്കുക എന്നത് ബഹിരാകാശ ചരിത്രത്തിലെ വലിയ നാഴികക്കല്ലാകും. മറ്റ് ഗ്രഹങ്ങളിലേയ്ക്ക് ചിലവ് കുറഞ്ഞ രീതിയില്‍ വിക്ഷേപണം നടത്താന്‍ സാധിച്ചാല്‍ സ്പേസ് സ്റ്റേഷനുകള്‍ തന്നെ ഭൂമിയിലെ വിക്ഷേപണ നിലയങ്ങള്‍ പോലെ പ്രവര്‍ത്തിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.