Monday, November 25, 2024

ശ്രീലങ്കന്‍ കലാപം : സ്പീക്കര്‍ താത്ക്കാലിക പ്രസിഡന്റാകും ; പ്രക്ഷോഭകരോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ട് സൈനിക മേധാവികള്‍

ശ്രീലങ്കയില്‍ സ്പീക്കര്‍ താത്ക്കാലിക പ്രസിഡന്റാകും. മഹിന്ദ അബേയ് വര്‍ധനേയാണ് പ്രസിഡന്റായി ചുമതലയേല്‍ക്കുക . പാര്‍ലമെന്റ് സമ്മേളനം വെള്ളിയാഴ്ച ചേര്‍ന്നേക്കും. സര്‍വകക്ഷി സര്‍ക്കാരില്‍ എല്ലാ പാര്‍ട്ടികള്‍ക്കും പങ്കാളിത്തം നല്‍കും. ഒരു മാസത്തിന് ശേഷം പുതിയ പ്രസിഡന്റിനെയും തിരഞ്ഞെടുക്കും.

അതേസമയം പ്രക്ഷോഭകരോട് പിരിഞ്ഞു പോകാന്‍ സംയുക്ത സൈനിക മേധാവികള്‍ അഭ്യര്‍ത്ഥന നടത്തി . രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ സഹകരിക്കണമെന്ന് ജനറല്‍ ഷാവേന്ദ്ര സില്‍വ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ശ്രീലങ്കയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ കഴിഞ്ഞ ദിവസം ശക്തമായിരുന്നു. ഇതിന്റെ ഭാഗമായി രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിലേക്കും പ്രതിഷേധക്കാര്‍ ഇരച്ചുകയറി. ജനക്കൂട്ടം എത്തുന്നതിന് മുമ്പ് രജപക്‌സെ ഇവിടെ നിന്ന് മാറി. തുടര്‍ന്നാണ് താത്ക്കാലിക പ്രസിഡന്റായി സ്പീക്കര്‍ ചുമതല ഏല്‍ക്കുന്നത്.22 ദശലക്ഷം ജനസംഖ്യയുള്ള ശ്രീലങ്ക അസാധാരണമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. നിലവില്‍ സാമ്പത്തിക പ്രതിസന്ധി കനത്തതോടെയാണ് ജനം തെരുവിലേക്കിറങ്ങിയത്.

 

Latest News