മലയാളികളെ എക്കാലത്തും കോരിതരിപ്പിച്ചിട്ടുള്ള മാസ് ആക്ഷന്‍ സിനിമകളുടെ സംവിധായകന്‍ ഷാജി കൈലാസിന്റെ ഏറ്റവും പുതിയ ചിത്രമാണ് കടുവ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജും സംയുക്തമേനോനും വിവേക് ഒബ്‌റോയും ആണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഷാജി കൈലാസ് തന്റെ അവസാന ആക്ഷന്‍ ചിത്രം നിര്‍മ്മിച്ചത് മുതല്‍ മലയാള സിനിമ ഒരുപാട് മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. എന്നാല്‍ ഷാജി കൈലാസിന് യാതൊരുവിധ മാറ്റവും സംഭവിച്ചിട്ടില്ല. സ്ഥിരം മലയാളി പ്രേക്ഷകരുടെ കയ്യടി വിഷയങ്ങളായ മുണ്ട് മടക്കി കുത്തലും അമാനുഷിക പ്രകടനങ്ങളും കടുവയിലും കാണാന്‍ സാധിക്കും. എന്നാല്‍ ഒരു വ്യത്യാസം എന്ന നിലയില്‍ കാണാന്‍ സാധിക്കുന്നത് മുഴുനീളന്‍ മാസ സംഭാഷണങ്ങള്‍ക്ക് പകരം ഉപയോഗിച്ചിരിക്കുന്നത് അധികം ദീർഘമല്ലാത്ത എന്നാല്‍ ഒരു കുറവും സംഭവിക്കാത്ത രീതിയിലുള്ള സംഭാഷണങ്ങള്‍ തന്നെയാണ്.
അഭിനേതാക്കളുടെ കാര്യം എടുത്തു പറയേണ്ടത് തന്നെയാണ്. പൃഥ്വിരാജും വിവേക് ഒബറോയും ഒപ്പത്തിനൊപ്പം പിടിച്ചു നിന്നപ്പോള്‍ സംയുക്ത മേനോന്‍ തനിക്ക് കിട്ടിയ ഭാഗം നന്നായി തന്നെ ചെയ്തു. അഭിനയത്തിന്റെ മികവ് കൂട്ടാന്‍ സീമ, ജനാര്‍ദ്ദനന്‍, കലാഭവന്‍ ഷാജോൺ, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, തുടങ്ങിയവരുടെ ഒരു വമ്പന്‍ താരനിര കൂടെയുണ്ട്.
ജിനു വി എബ്രഹാമിന്റെ തിരക്കഥയ്ക്ക് യാതൊരുവിധ പുതുമയും സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല, പൂര്‍ണമായും മാസ് സീനുകളുടെ ശക്തിയിലാണ് കഥ മുന്നോട്ടുപോകുന്നത്. കഥാപാത്രങ്ങളുടെ പശ്ചാത്തലം പറഞ്ഞു തുടങ്ങുന്ന കഥ, മെല്ലെ നായക പ്രതിനായക കഥാപാത്രങ്ങളുടെ ഈഗോ ക്ലാഷില്‍ എത്തുന്നു. അവിടെ നിന്നും തുടങ്ങുന്ന കോണ്‍ഫ്ളൈറ്റുക്കള്‍ ആണ് കഥയെ മുന്നോട്ടുകൊണ്ടുപോകുന്നത്.
ക്രിസ്തീയ പശ്ചാത്തലത്തില്‍ തൊണ്ണൂറുകളുടെ കഥ പറയുന്ന രീതിയിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഉപയോഗിച്ചിരിക്കുന്ന വേഷവിധാനങ്ങളും വാഹനങ്ങളും അതിന് യോജിക്കുന്ന വണ്ണമാണ്.
ചിത്രത്തിന് ചേരുന്ന രീതിയില്‍ ഉള്ള പശ്ചാത്തല സംഗീതവും ഗാനങ്ങളുമാണ് ജെക്സ് ബിജോയ് ഇണക്കി ചേര്‍ത്തിരിക്കുന്നത്. കാഴ്ചക്കാരുടെ മനം മടുപ്പിക്കാതെ ഒരുതവണ മുഴുവന്‍ ചിത്രവും, കാണാന്‍ തോന്നിപ്പിക്കുന്ന രീതിയിലുള്ള പശ്ചാത്തല സംഗീതം തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
ക്യാമറയുടെയും ലൈറ്റിന്റെയും എല്ലാ വശങ്ങളും ഉപയോഗിച്ചുകൊണ്ടാണ് അഭിനന്ദന്‍ രാമാനുജന്‍ ചിത്രത്തിന്റെ ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത്. ഭൂരിഭാഗം ചായാഗ്രഹണങ്ങളും കാഴ്ചക്കാരന് പുത്തന്‍ അനുഭവം നല്‍കുന്നതാണെങ്കിലും ചില രംഗങ്ങള്‍ ചിലര്‍ക്കെങ്കിലും അരോചകമായി തോന്നിയേക്കാം. ജൂലൈ ഏഴിന് തീയേറ്ററുകളില്‍ എത്തിയ ചിത്രം പ്രദര്‍ശനം തുടരുകയാണ്. ഇതിനിടയിൽ സിനിമയിലെ ഒരു ഡയലോഗിന്റെ പേരിൽ ‘കടുവ’യുടെ പിന്നണി പ്രവർത്തകർക്ക് മലയാളികളോട് മാപ്പു പറയേണ്ടതായും വന്നു. എല്ലാ മേഖലകളിലും സൂക്ഷ്മത പുലർത്താൻ ഈ സംഭവം എല്ലാ സിനിമാ പ്രവർത്തകരെയും പ്രേരിപ്പിക്കും എന്നുറപ്പാണ്.
നരസിംഹം, കമ്മീഷണര്‍, കിംഗ് തുടങ്ങി ജനങ്ങളെ കോരിത്തരിപ്പിച്ച മാസ് ആക്ഷന്‍ സിനിമകള്‍, മലയാള സിനിമാ മേഖലയില്‍ ഇന്ന് ഇല്ല എന്നുള്ള മലയാളികളുടെ സ്ഥിരം പരാതിക്ക് അറുതി വരുത്താന്‍ ഷാജി കൈലാസിനും കടുവയ്ക്കും കഴിയുമെങ്കിലും, കടുവയുടെ തട്ട് പ്രേക്ഷക മനസ്സില്‍ ഇവയുടെ താഴെ തന്നെ ആയിരിക്കുള്ളൂ.
നിതിന്‍ തോമസ്