Sunday, November 24, 2024

കിഴക്കന്‍ യുക്രെയ്‌നിലെ ചാസിവ് യാറിലെ അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കില്‍ റഷ്യന്‍ റോക്കറ്റുകള്‍ പതിച്ച് 15 പേര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍

കിഴക്കന്‍ യുക്രെയ്‌നിലെ ചാസിവ് യാറിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കില്‍ റഷ്യന്‍ റോക്കറ്റുകള്‍ പതിച്ചതിനെത്തുടര്‍ന്ന് 15 പേര്‍ കൊല്ലപ്പെടുകയും 20 ലധികം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ അകപ്പെടുകയും ചെയ്തതായി യുക്രൈന്‍ അധികൃതര്‍ പറഞ്ഞു. ചിലരെ ജീവനോടെ പുറത്തെടുത്തു. യുക്രേനിയന്‍ എമര്‍ജന്‍സി സര്‍വീസ് ഉദ്യോഗസ്ഥനാണ് മരണസംഖ്യ അറിയിച്ചത്.

റഷ്യന്‍ മുന്നേറ്റത്തിന്റെ കേന്ദ്രമായ ഡൊനെറ്റ്‌സ്‌ക് മേഖലയിലെ ക്രാമാറ്റോര്‍സ്‌ക് നഗരത്തിനടുത്താണ് ചാസിവ് യാര്‍. ആക്രമിക്കപ്പെട്ട അഞ്ച് നിലകളുള്ള കെട്ടിടത്തിന്റെ ഒരു വശം തകര്‍ന്ന് അവശിഷ്ടങ്ങളുടെ മലയായിരിക്കുകയാണ്.

റഷ്യന്‍ ഉറഗാന്‍ റോക്കറ്റുകളാണ് നാശം വിതച്ചതെന്ന് പ്രദേശത്തെ ഗവര്‍ണര്‍ പാവ്ലോ കിറിലെങ്കോ പറഞ്ഞു. റെസിഡന്‍ഷ്യല്‍ ബ്ലോക്കിലെ ആക്രമണങ്ങള്‍ ബോധപൂര്‍വം നടത്തിയതാണെന്ന് യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു. ‘ ഇതിന് ഉത്തരവാദികളായ ഓരോ റഷ്യന്‍ കൊലപാതകിക്കും ശിക്ഷ അനിവാര്യമാണ്’. വീഡിയോ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

രക്ഷാപ്രവര്‍ത്തകര്‍ ഞായറാഴ്ച ക്രെയിന്‍ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആളുകളെ പുറത്തെടുത്തു. ഒരു കുട്ടിയുള്‍പ്പെടെ 20 ലധികം ആളുകള്‍ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പറയപ്പെടുന്നു.

കോണ്‍ക്രീറ്റിന്റെ സ്ലാബുകള്‍ ഉയര്‍ത്താന്‍ ഒരു ബുള്‍ഡോസറിന്റെയും ക്രെയിനിന്റെയും സഹായത്തോടെ ഡസന്‍ കണക്കിന് അടിയന്തര രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും ചാസിവ് യാറിലെ കോണ്‍ക്രീറ്റിന്റെയും അവശിഷ്ടങ്ങളുടെയും കൂമ്പാരങ്ങള്‍ക്കടിയില്‍ മൃതദേഹങ്ങള്‍ക്കായി തിരയുകയാണ്. ഇവിടെ താമസിച്ചിരുന്നവരില്‍ ഭൂരിഭാഗവും സാധാരണക്കാരായിരുന്നു. രക്ഷപ്പെട്ടവര്‍ തകര്‍ന്ന വീടുകളില്‍ നിന്ന് സാധനങ്ങള്‍ ശേഖരിക്കുകയും അയല്‍ക്കാര്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്യുന്നുണ്ട്.

റഷ്യയുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഡൊനെറ്റ്‌സ്‌കിലെ രണ്ട് നഗരങ്ങളായ ക്രാമാറ്റോര്‍സ്‌കിനും സ്ലോവാന്‍സ്‌കിനും ചുറ്റും യുക്രേനിയന്‍ സൈന്യം പ്രതിരോധം ശക്തിപ്പെടുത്തുകയാണ്.

Latest News