Sunday, November 24, 2024

ശ്രീലങ്കന്‍ പ്രതിസന്ധി ; അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കി ഇന്ത്യ ; ഹോവര്‍ക്രാഫ്റ്റുകളും പട്രോളിംഗ് ബോട്ടുകളും വിന്യസിച്ചു

ദ്വീപ് രാഷ്ട്രവുമായുള്ള സമുദ്രാതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്. ശ്രീലങ്കയിലെ കലാപ സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള അഭയാര്‍ഥികളുടെ കടന്നുകയറ്റം തടയുന്നതിനാണ് നിരീക്ഷണം ശക്തമാക്കിയത്. തമിഴ്‌നാട് തീരം മുതല്‍ കേരള തീരം വരെയുള്ള പ്രദേശങ്ങളിലാണ് നിരീക്ഷണം വര്‍ദ്ധിപ്പിച്ചത്. പട്രോളിംഗ് ബോട്ടുകള്‍ , ഹോവര്‍ക്രാഫ്റ്റുകള്‍, വിമാനങ്ങള്‍, എന്നിവയ്ക്ക് പുറമെ സുരക്ഷാ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിനായി വിന്യസിച്ചിട്ടുണ്ട്.

ശ്രീലങ്കയില്‍ പ്രതിഷേധം ശക്തമാവുകയും പ്രസിഡന്റിന്റെ വസതിയിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറുന്ന സാഹചര്യവും കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ദ്വീപ് രാഷ്ട്രത്തില്‍ നിന്ന് ജനങ്ങള്‍ പലായനം ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഏജന്‍സികള്‍ക്കൊപ്പം തമിഴ്‌നാട് കോസ്റ്റല്‍ പോലീസും ജാഗ്രത ശക്തമാക്കിയിരിക്കുന്നത്.

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചത് മുതല്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികള്‍ കടന്നു കയറാന്‍ ശ്രമം നടത്തിയിരുന്നു. കടല്‍ മാര്‍ഗ്ഗമായിരുന്നു ഭൂരിഭാഗം പേരും പലായനത്തിന് ശ്രമിച്ചിരുന്നത്. എന്നാല്‍ മണ്‍സൂണ്‍ കാലമായതിനാല്‍ കടലിലൂടെ ഉള്ള പലായനം അത്ര സുഖകരം ആയിരിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം നിരീക്ഷണ പ്രവര്‍ത്തനങ്ങളില്‍ മ്യാന്‍മറിലെ മാന്‍ഡലെയില്‍ വിന്യസിച്ചിരിക്കുന്ന ഹോവര്‍ക്രാഫ്റ്റ് യൂണിറ്റുകള്‍ പ്രധാന പങ്ക് വഹിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സേനയുടെ ഡോര്‍ണിയര്‍ വിമാനവും നിരീക്ഷണം നടത്തുന്നതിനായി സമുദ്രാതിര്‍ത്തിയില്‍ കൂടുതല്‍ തവണ പറക്കുന്നുണ്ട്.

 

Latest News