കലാപം രൂക്ഷമായ ശ്രീലങ്കയില്‍ പ്രക്ഷോഭം തുടരുന്നു. ശ്രീലങ്കന്‍ പ്രസിഡന്റും പ്രധാനമന്ത്രിയും ഔദ്യോഗികമായി രാജിവയ്ക്കുന്നത് വരെ കൊട്ടാരം കയ്യേറിയുള്ള പ്രതിഷേധം തുടരുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. രാജി സന്നദ്ധ അറിയിച്ചെങ്കിലും ഇവരെ വിശ്വാസത്തിലെടുക്കാനാവില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
ദുര്‍ഭരണത്തില്‍ പൊറുതിമുട്ടി തെരുവിലേക്കിറങ്ങിയ ലങ്കയിലെ ജനം ഇനി ഇക്കാര്യത്തില്‍ ഒരു പരിഹാരമുണ്ടായിട്ടെ വീടുകളിലേക്ക് മടങ്ങുവെന്ന തീരുമാനത്തിലാണ്. രണ്ടര ലക്ഷത്തിലധികം വരുന്ന പ്രക്ഷോഭകര്‍ ഇപ്പോഴും കൊളംബോ നഗരത്തില്‍ തന്നെയുണ്ട്. ജനം പട്ടിണിയിലായപ്പോഴും ആര്‍ഭാട പൂര്‍വ്വവും പ്രസിഡന്റും പ്രധാനമന്ത്രിയും കഴിഞ്ഞിരുന്ന മന്ദിരങ്ങള്‍ തന്നെയാണ് പ്രധാന പ്രതിഷേധ കേന്ദ്രം. പ്രസിഡന്റ് ഗോത്തബായ രജപക്‌സെയും പ്രസിഡന്റ് റെനില്‍ വിക്രമെ സിംഗെയും ഔദ്യോഗികമായി രാജിവയ്ക്കുന്നത് വരെ ഇവിടെ നിന്ന് പിന്മാറില്ലെന്നാണ് സമരനേതാക്കള്‍ പറയുന്നത്.
ഗോത്ത ബായ മറ്റന്നാള്‍ രാജി വയ്ക്കുമെന്നാണ് സ്പീക്കര്‍ മഹിന്ദ അബേയവര്‍ധനെ അറിയിച്ചത്. എന്നാല്‍ ഇക്കാര്യം ഗോത്തബായ നേരിട്ട് പറഞ്ഞിട്ടില്ല. സ്ഥാനമൊഴിയുകയാണെന്ന് റെനില്‍ വിക്രമസിംഗെ പറഞ്ഞെങ്കിലും ഇക്കാര്യത്തിലും ഔദ്യോഗിക തീരുമാനം ആയില്ല. ഗോത്തബായ എവിടെയന്ന് പോലും വ്യക്തമല്ല. സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ മഹീന്ദ രജപക്‌സെ നാവിക ആസ്ഥാനത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒളിവിലുള്ള ഇവര്‍ മറ്റെന്തെങ്കിലും പദ്ധതിയിടുന്നതായും ജനം സംശയിക്കുന്നു.