ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്സെ മാലിദ്വീപിലേക്ക് കടന്നു. സൈനിക വിമാനത്തിലാണ് രാജപക്സെ ദ്വീപിലേക്ക് കടന്നത്. ഭാര്യയും അംഗരക്ഷകനും ഉള്‍പ്പെടെ നാല് പേര്‍ക്കൊപ്പമാണ് പ്രസിഡന്റ് രാജ്യം വിട്ടത്. ഗോതാബയ ഇന്ന് രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതിനിടെയാണ് നീക്കം.
അതേസമയം പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും രാജിസന്നദ്ധത അറിയിച്ചെങ്കിലും സ്ഥാനമൊഴിയുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇരുവരും രാജിവയ്ക്കാതെ പ്രസിഡന്റിന്റെ കൊട്ടാരം ഒഴിയില്ലെന്നാണ് പ്രക്ഷോഭകരുടെ നിലപാട്. ഗോട്ടബയ ബുധനാഴ്ച പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്നാണ് സ്പീക്കര്‍ കഴിഞ്ഞ ദിവസം രാജ്യത്തെ അറിയിച്ചത്. എന്നാല്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ തനിക്കും കുടുംബത്തിനും സുരക്ഷിതമായി രാജ്യം വിടാനുള്ള വഴിയൊരുക്കിയെങ്കിലേ രാജിയുള്ളൂ എന്ന ഗോതാബയ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച ഗോതാബയയെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരുന്നു. ബന്ദാരനായികെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിഐപി ക്യൂ ഉപയോഗിച്ച് രജപക്സെയുടെയും കുടുംബാംഗങ്ങളുടേയും പാസ്പോര്‍ട്ട് സ്റ്റാമ്പ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇത് ഇമിഗ്രേഷന്‍ ജീവനക്കാര്‍ തടഞ്ഞു. യുഎഇയിലേക്കുള്ള നാല് വിമാനങ്ങളില്‍ കയറിക്കൂടാനുള്ള രാജപക്സെയുടെ ശ്രമങ്ങള്‍ വിമാനത്താവള ജീവനക്കാര്‍ തടഞ്ഞുവെന്ന് ശ്രീലങ്കന്‍ അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.