മദ്യ വില്‍പ്പനയിലൂടെ സര്‍ക്കാര്‍ നേടിയത് 16619 കോടിയുടെ വരുമാനം. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ വര്‍ഷത്തില്‍ വിറ്റഴിച്ചത് 18 കോടി ലിറ്റര്‍ മദ്യമാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അഞ്ചു വര്‍ഷം കൊണ്ട് 64619 കോടി രൂപയായിരുന്നു മദ്യത്തില്‍ നിന്നുള്ള വരുമാനം. രണ്ടാം പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ മദ്യവില്‍പ്പനയിലും മദ്യഉപഭോഗത്തിലും റെക്കോഡ് വര്‍ദ്ധനയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷം ബിവറേജസ് ഔട്ട്‌ലറ്റ് വഴി സര്‍ക്കാര്‍ വിറ്റത് 18 കോടി ലിറ്റര്‍ മദ്യമാണ്. ഇതുവഴി സര്‍ക്കാരിന് ലഭിച്ച വരുമാനം 16619 കോടി രൂപ. 2021 മെയ് മുതല്‍ ഈ വര്‍ഷം മേയ് വരെയുള്ള കണക്കാണിത്. വിദേശ മദ്യത്തിന് പുറമെ കഴിഞ്ഞ വര്‍ഷം 7 കോടി 82 ലക്ഷം ലിറ്റര്‍ ബിയറും 12 ലക്ഷം ലിറ്റര്‍ വൈനും വില്‍പ്പന നടത്തി. മേല്‍പ്പറഞ്ഞ കണക്കു പ്രകാരം പ്രതിദിനം മലയാളി കുടിക്കുന്നതാകട്ടെ അഞ്ചു ലക്ഷം ലിറ്റര്‍ മദ്യവും.
വിഷുവും ഈസ്റ്ററും ഒന്നിച്ചുവന്നതോടെ ഏപ്രില്‍ 13, 14 ദിവസങ്ങളില്‍ 133 കോടിയുടെ മദ്യവില്‍പ്പനയാണ് നടന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് 2021 ഡിസംബര്‍ മാസമാണ്. 1643 കോടി രൂപയുടെ മദ്യവില്‍പ്പനയാണ് ഈ മാസം നടന്നത്.