യുക്രെയ്‌നില്‍ റഷ്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ അഞ്ചു സാധാരണക്കാര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്കു പരിക്കേറ്റതായും പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ റഷ്യ അധീശത്വം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ആക്രമണങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഭൂരിഭാഗം മരണങ്ങളും ഡൊണറ്റ്‌സ്‌ക് പ്രവിശ്യയിലാണ്. റഷ്യന്‍ അനുകൂല വിഘടനവാദികള്‍ക്കു ശക്തമായ സ്വാധീനമുള്ള മേഖലയാണിത്.
ബഖ്മുത് നഗരത്തിലാണ് ഇപ്പോള്‍ റഷ്യ ആക്രമണം കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടെ കനത്ത ഷെല്ലാക്രമണം നടക്കുന്നുണ്ടെന്നു ഡൊണറ്റ്‌സ്‌ക് അഡ്മിനിസ്‌ട്രേറ്റീവ് മേധാവി പാവ്‌ലോ കിരിലെങ്കോ അറിയിച്ചു.
റഷ്യ നിയന്ത്രണം പിടിച്ചെടുത്ത ലുഹാന്‍സ്‌ക് പ്രവിശ്യയിലെ രണ്ടു ഗ്രാമങ്ങളുടെ നിയന്ത്രണം യുക്രെയ്ന്‍ സൈന്യം തിരിച്ചുപിടിച്ചതായി ഗവര്‍ണര്‍ ഹെര്‍ഹി ഹെയ്‌ദൈ അവകാശപ്പെട്ടു. ഡോണ്‍ബാസിനെ ചാരമാക്കാനാണു റഷ്യന്‍ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
ലുഹാന്‍സ്‌കും ഡൊണറ്റ്‌സ്‌കും ചേര്‍ന്നതാണ് യുക്രെയ്ന്റെ ഡോണ്‍ബാസ് മേഖല. റഷ്യന്‍ഭാഷ സംസാരിക്കുന്ന ഈ മേഖലയിലെ സ്റ്റീല്‍ ഫാക്ടറികളും ഖനികളും യുക്രെയ്ന്‍ സന്പദ്വ്യവസ്ഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.