പോളണ്ടിലെ ഒരു മുന്‍ നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിന് സമീപം 8,000 പേരുടെ ഒരു കൂട്ട ശവക്കുഴി കണ്ടെത്തിയതായി രാജ്യത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ റിമെംബ്രന്‍സ് അറിയിച്ചു.
പോളണ്ടിലെ നാസി അധിനിവേശകാലത്തും കമ്മ്യൂണിസ്റ്റ് കാലഘട്ടത്തിലും നടന്ന കുറ്റകൃത്യങ്ങളെകുറിച്ച് അന്വേഷിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട്, ബുധനാഴ്ച വാര്‍സോയ്ക്ക് വടക്കുള്ള സോള്‍ഡോ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിന് സമീപമാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
‘കിഴക്കന്‍ യൂറോപ്പില്‍ അവര്‍ നടത്തിയ വംശഹത്യയുടെ അടയാളങ്ങള്‍ ഇല്ലാതാക്കാന്‍ ജര്‍മ്മനി എത്ര നന്നായി ശ്രമിച്ചു എന്നതിന്റെ തെളിവാണിത്’. ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസ്താവനയില്‍ പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധസമയത്ത് പോളണ്ട് പിടിച്ചടക്കിയപ്പോഴാണ് നാസി ജര്‍മ്മനി ഈ ക്യാമ്പ് നിര്‍മ്മിച്ചത്. ജൂതന്മാര്‍ക്കും രാഷ്ട്രീയ എതിരാളികള്‍ക്കും പോളിഷ് രാഷ്ട്രീയ വരേണ്യവര്‍ഗക്കാര്‍ക്കും എതിരെ ഇത് ഒരു തടവറയായും അവരെ ഇല്ലായ്മ ചെയ്യാനുള്ള കേന്ദ്രമായും ഉപയോഗിച്ചു. കണക്കുകള്‍ പ്രകാരം സോള്‍ഡോവില്‍ കൊല്ലപ്പെട്ട തടവുകാരുടെ എണ്ണം 30,000 ആണ്. എന്നാല്‍ യഥാര്‍ത്ഥ എണ്ണം സ്ഥിരീകരിച്ചിട്ടില്ല.
ഏകദേശം 15.8 ടണ്‍ (15,800 കിലോഗ്രാം) മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി എന്നതിന്റെ അര്‍ത്ഥം, കുറഞ്ഞത് 8,000 ആളുകളെങ്കിലും അവിടെ മരിച്ചുവെന്നാണെന്ന് അന്വേഷകനായ ടോമാസ് ജാങ്കോവ്‌സ്‌കി പറയുന്നു. കൂട്ടക്കുഴിമാടത്തില്‍ കുഴിച്ചിട്ട ഇരകള്‍ ഒരുപക്ഷേ 1939 ഓടെ കൊല്ലപ്പെട്ടവരായിരിക്കാം, കൂടുതലും പോളിഷ് വരേണ്യവര്‍ഗത്തില്‍പ്പെട്ടവരായിരിക്കാമെന്നും ജാങ്കോവ്‌സ്‌കി പറഞ്ഞു.
സാമ്പിളുകള്‍ എടുത്തിട്ടുണ്ടെന്നും ലബോറട്ടറിയില്‍ അവയെക്കുറിച്ച് പഠിക്കുമെന്നും പോമറേനിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ജനിതകശാസ്ത്ര ഗവേഷകനായ ആന്‍ഡ്രെജ് ഒസോവ്‌സ്‌കി എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ‘ഞങ്ങള്‍ക്ക് ഡിഎന്‍എ വിശകലനം നടത്താം, ഇത് ഇരകളുടെ ഐഡന്റിറ്റിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങളെ സഹായിക്കും’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.