Monday, November 25, 2024

അമേരിക്കന്‍ പ്രസിഡന്റായതിനുശേഷമുള്ള ജോ ബൈഡന്റെ ആദ്യ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം

അമേരിക്കന്‍ പ്രസിഡന്റായതിന് ശേഷം ആദ്യമായി ജോ ബൈഡന്‍ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിനായി ഇസ്രായേലിലെ ടെല്‍ അവീവില്‍ എത്തി. ബുധനാഴ്ച ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ എയര്‍ഫോഴ്‌സ് വണ്ണില്‍ എത്തിയ ബൈഡനെ ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ ഊഷ്മളമായി സ്വാഗതം ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ആയതിനു ശേഷമുള്ള ബൈഡന്റെ പത്താമത്തെ രാജ്യ സന്ദര്‍ശനമാണിത്.

‘ഇസ്രായേലിയും അമേരിക്കന്‍ ജനതയും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാണ്. ഇസ്രായേലുമായുള്ള യുഎസ് ബന്ധം അവര്‍ മുമ്പുണ്ടായിരുന്നതിനേക്കാള്‍ ആഴമേറിയതും ശക്തവുമാണെന്ന് പറയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു’. ബൈഡന്‍ ഒരു പ്രസംഗത്തില്‍ പറഞ്ഞു. ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന് ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പിന്തുണയും യുഎസ് നേതാവ് ആവര്‍ത്തിച്ചു.

ഇസ്രായേല്‍ പ്രധാനമന്ത്രി യെയര്‍ ലാപിഡ് ബൈഡനെ ‘മഹാനായ സയണിസ്റ്റ്’ എന്ന് വിശേഷിപ്പിച്ചു. ഇസ്രായേല്‍ ഇതുവരെ കണ്ടിട്ടുള്ള ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാളാണ് ബൈഡനെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി പറഞ്ഞു.

അധിനിവേശ വെസ്റ്റ് ബാങ്കില്‍ വെള്ളിയാഴ്ച ഫലസ്തീന്‍ അതോറിറ്റി (പിഎ) പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ കാണുന്നതിന് മുമ്പ് ലാപിഡും മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഉള്‍പ്പെടെയുള്ള ഇസ്രായേല്‍ നേതാക്കളുമായി ബൈഡന്‍ രണ്ട് ദിവസം ജറുസലേമില്‍ ചെലവഴിക്കും. തുടര്‍ന്ന് അദ്ദേഹം ഇസ്രായേലില്‍ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് നേരിട്ടുള്ള വിമാനത്തില്‍ പോകും. സൗദി ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചകള്‍ക്കും ഗള്‍ഫ് സഖ്യകക്ഷികളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാനുമാണത്.

വെള്ളിയാഴ്ച അധിനിവേശ വെസ്റ്റ് ബാങ്ക് നഗരമായ ബെത്ലഹേമില്‍ ബൈഡന്‍ അബ്ബാസിനെ കാണുമെങ്കിലും പലസ്തീന്‍ രാഷ്ട്രത്വത്തെക്കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ സംബന്ധിച്ച് ധീരമായ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.

കിഴക്കന്‍ ജറുസലേമില്‍ ഫലസ്തീന്‍ കോണ്‍സുലേറ്റ് സ്ഥാപിക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നുവെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതിനെ വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി തിരുത്തി. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട യുഎസ് നയത്തില്‍ മാറ്റമില്ലെന്ന് കിര്‍ബി പറഞ്ഞു.

അധിനിവേശ കിഴക്കന്‍ ജറുസലേമിലെ ഒരു പലസ്തീന്‍ ആശുപത്രിയില്‍ ചരിത്രപരമായ സന്ദര്‍ശനവും ബൈഡന്‍ നടത്തുന്നുണ്ട്. ഇതാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് പഴയ നഗരത്തില്‍ നിന്ന് കിഴക്കന്‍ ജറുസലേമിലേക്ക് പോകുന്നത്.

 

Latest News