ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ രാജിക്കത്ത് അയച്ചുവെന്ന് റിപ്പോര്‍ട്ട്. പാര്‍ലമെന്റ് സ്പീക്കര്‍ മഹിന്ദ അബെ വര്‍ധനയ്ക്ക് ഇമെയില്‍ വഴിയാണ് രാജിക്കത്ത് ലഭിച്ചിരിക്കുന്നത്. അതേസമയം, കത്ത് യഥാര്‍ത്ഥത്തിലുള്ളതാണോ എന്നും അതിന്റെ നിയമവശവും പരിശോധിക്കുകയാണെന്ന് സ്പീക്കറുടെ ഓഫീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജിക്കത്ത് ലഭിച്ച കാര്യം സ്പീക്കറും സ്ഥിരീകരിച്ചു.
ആയിരക്കണക്കിനാളുകള്‍ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയതിനെ തുടര്‍ന്ന് ജൂലൈ 13 ന് രാജിവയ്ക്കുമെന്ന് ഗോട്ടബയ അറിയിച്ചിരുന്നു. എന്നാല്‍ രാജിവയ്ക്കാതെ ലങ്കയില്‍ നിന്ന് ആദ്യം മാലിദ്വീപിലേക്കും പിന്നീട് സിംഗപ്പൂരിലേയ്ക്കുമാണ് ഗോട്ടബയ രക്ഷപെട്ടത്. പിന്നാലെ ആക്ടിംഗ് പ്രസിഡന്റായി നിലവിലെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ ഗോട്ടബയ നിയമിച്ചിരുന്നു. സര്‍വകക്ഷി സര്‍ക്കാര്‍ അധികാരമേറ്റെചുൃൃടുക്കുന്നതിന് പിന്നാലെ രാജിവയ്ക്കാന്‍ തയാറാണെന്നാണ് റനിലിന്റെ നിലപാട്.