Sunday, November 24, 2024

പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു

പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ (69)അന്തരിച്ചു. ചെന്നൈയിലെ ഫ്ളാറ്റിലായിരുന്നു അന്ത്യം. രാവിലെ സഹായി വീട്ടിലെത്തിയപ്പോള്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ആരവമാണ് ആദ്യ സിനിമ. അവസാനം പുറത്തുവന്ന സിനിമ സിബിഐ 5 ആണ്. മലയാളം,തമിഴ്,കന്നട,തെലുഗു, ഹിന്ദി എന്നീ ഭാഷകളിലുള്ള 95 ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. ഋതുഭേദം, ഡെയ്‌സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുങ്കില്‍ ചൈതന്യ എന്ന ചിത്രവും തമിഴില്‍ ജീവ, വെറ്റ്രിവിഴ, ലക്കിമാന്‍ തുടങ്ങിയ ചിത്രങ്ങളും അടക്കം മുപ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

മദ്രാസ് പ്ലയേഴ്‌സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതന്‍ തന്റെ ആരവം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു പിന്നീട് തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നെഞ്ചെത്തെ കിള്ളാതെ, പന്നീര്‍ പുഷ്പങ്ങള്‍, വരുമയിന്‍ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത വരുമയിന്‍ നിറം ശിവപ്പു എന്ന ചിത്രത്തിലെ അഭിനയം വളരെ ശ്രദ്ധനേടി. തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്.

1952ല്‍ തിരുവനന്തപുരത്ത് വ്യാപാരി കുടുംബത്തിലാണ് പ്രതാപ് പോത്തന്റെ ജനനം. നിര്‍മാതാവ് ഹരിപോത്തന്‍ മൂത്ത സഹോദരന്‍ ആണ്. ഊട്ടിയിലെ ലോറന്‍സ് സ്‌കൂളിലായിരുന്നു പഠനം. പിന്നീട് മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം നേടി. കോളേജ് കാലഘട്ടത്തില്‍ തന്നെ അഭിനയത്തില്‍ കമ്പമുണ്ടായിരുന്നു.

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് – പ്രത്യേക ജൂറി അവാര്‍ഡ് (2014), മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് (തകര -1979, ചാമരം-1980),ഒരു നവാഗത സംവിധായികന്റെ മികച്ച ആദ്യ ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ് – മീണ്ടും ഒരു കാതല്‍ കഥൈ (1985),ഒരു നെഗറ്റീവ് റോളിലെ മികച്ച നടനുള്ള സൈമ അവാര്‍ഡ് – 22 ഫീമെയില്‍ കോട്ടയം (2012) എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

 

 

 

Latest News