വിന്‍സെന്റ് വാന്‍ഗോഗിന്റെ ഇതുവരെ അറിയപ്പെടാത്ത സ്വന്തം ഛായാചിത്രം കലാകാരന്റെ തന്നെ മറ്റൊരു ചിത്രത്തിന് പിന്നില്‍ കണ്ടെത്തിയതായി സ്കോട്ട്ലന്‍ഡിലെ നാഷണല്‍ ഗാലറികള്‍ വ്യാഴാഴ്ച അറിയിച്ചു.
വരാനിരിക്കുന്ന ഒരു പ്രദര്‍ശനത്തിന് മുന്നോടിയായി എഡിന്‍ബര്‍ഗ് ഗാലറിയിലെ വിദഗ്ധര്‍ ക്യാന്‍വാസിന്റെ എക്സ്-റേ എടുത്തപ്പോള്‍ വാന്‍ ഗോഗിന്റെ ‘ഹെഡ് ഓഫ് എ പെസന്റ് വുമണ്‍’ എന്ന ചിത്രത്തിന്റെ പിന്‍ഭാഗത്താണ് അദ്ദേഹത്തിന്റെ സ്വന്തം ഛായാചിത്രം കണ്ടെത്തിയത്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വരച്ച ഈ ചിത്രം ഒരു നൂറ്റാണ്ടിലേറെയായി മറഞ്ഞിരിക്കുകയായിരുന്നുവെന്ന് കരുതപ്പെടുന്നു. പണം ലാഭിക്കാനായി ക്യാന്‍വാസുകളുടെ ഇരുവശത്തും പെയിന്റ് ചെയ്യുന്ന വ്യക്തിയായിരുന്നു വാന്‍ ഗോഗ്്.
തൊപ്പി ധരിച്ച് ഇരിക്കുന്ന വാന്‍ഗോഗിനെയാണ് കാന്‍വാസിലെ ചിത്രത്തില്‍ കാണുന്നത്. ഇടത് ചെവി വ്യക്തമായി കാണാം. ഇത് അദ്ദേഹത്തിന്റെ ആദ്യകാല സൃഷ്ടികളില്‍ നിന്നുള്ളതാണെന്നും വിദഗ്ധര്‍ പറഞ്ഞു. ഈ കണ്ടുപിടിത്തം സന്തോഷകരമാണെന്ന് സ്കോട്ട്ലന്‍ഡിലെ നാഷണല്‍ ഗാലറിയിലെ സീനിയര്‍ ക്യൂറേറ്ററായ ഫ്രാന്‍സെസ് ഫൗള്‍ പറഞ്ഞു.
‘ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ജനപ്രിയവുമായ കലാകാരന്മാരില് ഒരാളായ വിന്‍സെന്റ് വാന്‍ ഗോഗിന്റെ ഒരു അജ്ഞാത സൃഷ്ടി ഞങ്ങള്‍ കണ്ടെത്തി. ഇത്തരം നിമിഷങ്ങള്‍ അവിശ്വസനീയമാംവിധം അപൂര്‍വമാണ്’. അവര്‍ പറഞ്ഞു. ഛായാചിത്രം എങ്ങനെ വൃത്തിയാക്കി എടുക്കാമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നുണ്ടെന്ന് ഗാലറി അധികൃതര്‍ പറഞ്ഞു.
എഡിന്‍ബര്‍ഗിലെ റോയല്‍ സ്കോട്ടിഷ് അക്കാദമിയില്‍ നടക്കാനിരിക്കുന്ന ഇംപ്രഷനിസ്റ്റ് എക്സിബിറ്റിലെ സന്ദര്‍ശകര്‍ക്ക് ഒരു ലൈറ്റ്ബോക്സിലൂടെ ഈ ഛായാചിത്രത്തിന്റെ ഒരു എക്സ്-റേ ചിത്രം കാണാന്‍ കഴിയും. ‘എ ടേസ്റ്റ് ഫോര്‍ ഇംപ്രഷനിസം’ എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനം ജൂലൈ 30 മുതല്‍ നവംബര്‍ 13 വരെയാണ് നടക്കുന്നത്.