ഊർജപരിവർത്തന മേഖലയിലെ വ്യവസായങ്ങളിൽ പ്രവർത്തിക്കുന്ന കുടിയേറ്റ തൊഴിലാളികൾ വൻതോതിലുള്ള ചൂഷണങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും ഇരകളാകുന്നതായി പുതിയ പഠന റിപ്പോർട്ട്. ആഗോളതലത്തിൽ ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ഹരിത ഊർജത്തിലേക്കുള്ള മാറ്റം അതിവേഗം നടക്കുമ്പോൾ, അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ സുരക്ഷയും അവകാശങ്ങളും പാടെ അവഗണിക്കപ്പെടുകയാണെന്ന് ഈ വിശകലനം ചൂണ്ടിക്കാട്ടുന്നു. ബിസിനസ് ആൻഡ് ഹ്യൂമൻ റൈറ്റ്സ് റിസോഴ്സ് സെന്റർ (BHRC) പുറത്തുവിട്ട 2026 ലെ റിപ്പോർട്ടാണ് ആഗോളതലത്തിൽ ഇപ്പോൾ വലിയ ചർച്ചയാകുന്നത്.
2025 ൽ, ഒരുവർഷത്തിനിടെ മാത്രം കുടിയേറ്റ തൊഴിലാളികൾക്കെതിരെയുള്ള 747 അതിക്രമ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ ഭൂരിഭാഗവും ലോകത്തെ പ്രമുഖ കമ്പനികളുമായി ബന്ധപ്പെട്ടതാണെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. പലപ്പോഴും ദിവസം 16-20 മണിക്കൂർ എന്ന നിലയിൽ സാധാരണ തൊഴിലാളികളേക്കാൾ കൂടുതൽ സമയം ജോലിചെയ്യേണ്ടി വരികയും എന്നാൽ, വളരെ കുറഞ്ഞ വേതനം മാത്രം നൽകുകയും ചെയ്യുന്ന രീതി പലയിടത്തും തുടരുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ബിഎച്ച്ആർസി (BHRC) പുറത്തുവിട്ട റിപ്പോർട്ടിലെ കണക്കുകൾ ഊർജപരിവർത്തന മേഖലയിലെ വിവിധ വിഭാഗങ്ങളിൽ നടക്കുന്ന ചൂഷണങ്ങളുടെ ആഴം വ്യക്തമാക്കുന്നു. ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിൽ ആസ്ഥാനമുള്ള കമ്പനികൾ തങ്ങളുടെ ലാഭം വർധിപ്പിക്കുന്നത് പാവപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളെ ചൂഷണം ചെയ്താണെന്നും ഇതിൽ പറയുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്പനികൾ തങ്ങളുടെ വിതരണശൃംഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെടുന്നു.

