മിഡിൽ ഈസ്റ്റിൽ പടരുന്ന യുദ്ധത്തിൽ കാനഡയുടെ സൈനികപങ്കാളിത്തം പൂർണ്ണമായും തള്ളിക്കളയാനാവില്ലെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. ഓസ്ട്രേലിയ സന്ദർശനത്തിനിടെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഖ്യകക്ഷികൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നും കാനഡക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നത് തടയാനുള്ള ശ്രമങ്ങളെ കാർണി പിന്തുണയ്ക്കുന്നുണ്ട്. യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും എല്ലാ രാജ്യങ്ങളും ചേർന്ന് പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ലോകത്തെ വലിയ ശക്തികൾക്കു മുന്നിൽ ഒറ്റപ്പെട്ടുപോകാതിരിക്കാൻ ഓസ്ട്രേലിയയും കാനഡയും പോലുള്ള രാജ്യങ്ങൾ ഒന്നിച്ചുനിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ പരസ്പരം സഹകരിക്കാൻ രണ്ട് രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. വൻശക്തികൾ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതിനു മുൻപ് തങ്ങൾ ചേർന്ന് പുതിയ രീതികൾ കണ്ടെത്തുമെന്നും കാർണി വ്യക്തമാക്കി.

