കീവ് പിടിച്ചടക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ മുഖം രക്ഷിക്കാനായാണ് മൂന്ന് മാസം മുമ്പ് വ്ളാഡിമിര്‍ പുടിന് തന്റെ യുദ്ധം യുക്രൈന്റെ കിഴക്ക് ഭാഗത്തേയ്ക്ക് കേന്ദ്രീകരിച്ചത്. ലുഹാന്‍സ്ക് വഴിയുള്ള സാവധാനവും രക്തരൂക്ഷിതമായതുമായ കടന്നുകയറ്റത്തിലൂടെ ലിസിചാന്‍സ്ക് നഗരം പിടിച്ചടക്കിയപ്പോള്‍ റഷ്യന്‍ പ്രസിഡന്റ്, തന്റെ ഉദ്യമം പാതിവഴിയില്‍ എത്തിയെന്ന് സ്വയം കരുതിയേക്കാം.
എന്നാല്‍ യുദ്ധം മറ്റൊരു വഴിത്തിരിവില്‍ എത്തിയിരിക്കുന്നു. സംഘട്ടനത്തിന്റെ സന്തുലിതാവസ്ഥയെ തകര്‍ത്തേക്കാവുന്ന മൂന്നാമത്തെ പോരാട്ടത്തിനായി ഇരുവശത്തുമുള്ള പോരാളികള്‍ സ്വയം ഉരുകുകയാണ്.
‘ഇത് രണ്ട് സൈന്യങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. രണ്ടും വലിയ നഷ്ടം വരുത്തി, തളര്‍ച്ചയുടെ വക്കില്‍ എത്തിയിരിക്കുന്നു’. ഡോണ്‍ബാസിലെ മൂന്ന് മാസത്തെ പോരാട്ടത്തിന് ശേഷമുള്ള യുദ്ധത്തെക്കുറിച്ച് റോയല്‍ യുണൈറ്റഡ് സര്‍വീസസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ എയര്‍പവര്‍ ആന്‍ഡ് ടെക്നോളജിയിലെ സീനിയര്‍ റിസര്‍ച്ച് ഫെല്ലോ ജസ്റ്റിന് ബ്രോങ്ക് പറഞ്ഞു.
2014 മുതല്‍ റഷ്യന്‍ പിന്തുണയുള്ള വിഘടനവാദി വിഭാഗങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന കിഴക്കന്‍ യുക്രെയ്നിലെ മുഴുവന്‍ ഡോണ്‍ബാസ് മേഖലയും പിടിച്ചടക്കിയാല്‍ ക്രെംലിന്റെ പ്രാഥമിക ലക്ഷ്യം പൂര്‍ത്തീകരിക്കുന്ന ഡൊനെറ്റ്സ്കിലേക്കുള്ള മുന്നേറ്റമായിരിക്കും പുടിന്റെ അടുത്ത നീക്കം.
എന്നാല്‍ ഇത് എപ്പോള്‍, എങ്ങനെ സംഭവിക്കുമെന്ന് വ്യക്തമല്ല. യുക്രെയ്നിലെ വിവിധ മുന്നണികളില്‍ റഷ്യ തീവ്രമായ വ്യോമാക്രമണം തുടരുമ്പോള്‍, യുഎസ് ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റഡി ഓഫ് വാര് (ഐഎസ്ഡബ്ല്യു) ഞായറാഴ്ച പറഞ്ഞു, റഷ്യന്‍ കരസേന വിശ്രമിക്കാനും പുനഃസ്ഥാപിക്കാനുമായുള്ള ഒരു ഇടവേളയിലാണ് എന്ന്. വരാനിരിക്കുന്ന ആഴ്ചകളിലോ മാസങ്ങളിലോ കൂടുതല്‍ നിര്‍ണായകമായ ആക്രമണത്തിന് സേനയെ പുനര്‍നിര്‍മ്മിക്കുകയും സാഹചര്യം ഒരുക്കുകയും ചെയ്യുന്നതിനാല്‍ റഷ്യന്‍ സൈന്യം ഇപ്പോള്‍ ചെറിയ തോതിലുള്ള ആക്രമണ പ്രവര്‍ത്തനങ്ങളില്‍ സ്വയം ഒതുങ്ങുന്നത് തുടരും.
പ്രധാന തെക്കന്‍ നഗരമായ കെര്‍സണ്‍ ഉള്‍പ്പെടെ രാജ്യത്ത് മറ്റെവിടെയും യുക്രേനിയന്‍ പ്രത്യാക്രമണ ഭീഷണി നിലനില്ക്കുന്നു. എങ്കിലും പോരാട്ടത്തിന്റെ അടുത്ത ഘട്ടം യുക്രെയിനിന്റെ ഹൃദയ പ്രദേശത്തിന്റെ ഭാവി നിര്‍ണ്ണയിച്ചേക്കാം.
ലുഹാന്‍സ്കില്‍ നിന്നുള്ള പാഠങ്ങള്‍
ലുഹാന്‍സ്കില്‍ ക്രെംലിന് വീണ്ടും കേന്ദ്രീകൃതമായ ശ്രമം നടത്തി, യുദ്ധത്തിന്റെ അതിരുകള്‍ ശക്തമാക്കി. റഷ്യയുടെ ഭൂരിഭാഗം വിഭവങ്ങളും ഡൊനെറ്റ്സ്കിലേക്കും നയിക്കപ്പെട്ടു. ‘ലുഹാന്‍സ്കില്‍ റഷ്യ അടിസ്ഥാനകാര്യങ്ങളിലേക്ക് മടങ്ങുന്നത് കണ്ടു’. സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ യൂറോപ്പ് പ്രോഗ്രാമിന്റെ ഡയറക്ടര്‍ മാക്സ് ബെര്ഗ്മാന് പറഞ്ഞു.
തന്ത്രപ്രധാനമായ നഗരങ്ങള്‍ക്കായി ആഴ്ചകളോളം നീണ്ട യുദ്ധങ്ങളില്‍ വിജയിക്കുകയും യുക്രെയ്നിന്റെ ആയുധപ്പുരയിലെ പരിമിതികള്‍ തുറന്നുകാട്ടുകയും ചെയ്തതോടെ റഷ്യയ്ക്ക് പുരോഗതിയുണ്ടായി. ആയുധങ്ങളിലും ഫയര്‍ പവറിലുമൊക്കെ ഗുണങ്ങള്‍ കണ്ടുതുടങ്ങി. റഷ്യയുടെ എല്ലാ ഇലക്ട്രോണിക് യുദ്ധങ്ങളും വ്യോമ പ്രതിരോധവും കവചിത രൂപീകരണങ്ങളും വളരെ ചെറിയ പ്രദേശങ്ങളില്‍ കേന്ദ്രീകരിക്കാന്‍ കഴിയുന്നവയാണ്. യുക്രെയ്നിന്റെ കൂടുതല്‍ പ്രതിരോധശേഷിയുള്ള സ്ഥലങ്ങളില്‍ പോലും പ്രാദേശിക മേധാവിത്വം സൃഷ്ടിക്കാന്‍ റഷ്യയെ അവരുടെ ആയുധശേഖരം സഹായിച്ചു.
ഡൊനെറ്റ്സ്ക്-ലുഹാന്‍സ്ക് അതിര്‍ത്തിക്ക് സമീപം പോരാട്ടം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആക്രമണത്തിനിരയായ ഡോണ്‍ബാസിലെ 40-ലധികം പട്ടണങ്ങളും ഗ്രാമങ്ങളും വെള്ളിയാഴ്ച യുക്രേനിയന്‍ സൈന്യം പട്ടികപ്പെടുത്തി.
പാശ്ചാത്യ ഉപകരണങ്ങള്‍ സ്വീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും അതുമായി പരിചിതരാകുന്നതിനുമുള്ള ശ്രമത്തിലാണ് യുക്രെയ്നിലെ സൈന്യം. റഷ്യന്‍ സൈന്യത്തിനും വലിയ തോതിലുള്ള ആക്രമണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് മുമ്പ് വിശ്രമിക്കാനും കരുത്ത് വീണ്ടെടുക്കാനും ഒരു സുപ്രധാന കാലയളവ് ആവശ്യമാണ്. ഭാവിയിലെ ആക്രമണങ്ങള്‍ക്ക് തയ്യാറെടുക്കാന്‍ ഇരുവശത്തും തീവ്രശ്രമം ഉണ്ടാകും.
യുദ്ധത്തിന്റെ അടുത്ത ഫ്ലാഷ് പോയിന്റുകള്‍
റഷ്യയില്‍ നിന്ന് പ്രതീക്ഷിക്കുന്ന അടുത്ത നീക്കം, ലുഹാന്സ്കിലൂടെ, യുക്രേനിയന്‍ നിയന്ത്രിത ഡൊനെറ്റ്സ്കിന്റെ ഭാഗങ്ങളിലേക്ക് നീങ്ങുകയും യുക്രേനിയന്‍ സൈനികരെ ആ പ്രദേശത്ത് തളച്ചിടാനും വളയാനും ശ്രമിക്കും എന്നതാണ്. അങ്ങനെ ചെയ്യുന്നതിലൂടെ പ്രതീകാത്മകമായി ഡോണ്‍ബാസ് പ്രദേശം മോസ്കോയിലേക്ക് എത്തിക്കും.
യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിലെ പ്രധാന യുദ്ധങ്ങള്‍ എന്ന നിലയില്‍ വളരെ പരിചിതമാകാന്‍ പോകുന്ന രണ്ട് പേരുകള്‍ ഉണ്ട്. വടക്കന്‍ ഡൊനെറ്റ്സ്കിലെ സ്ലോവിയന്‍സ്ക്, ക്രാമാറ്റോര്‍സ്ക് നഗരങ്ങള്‍. അവ പിടിച്ചെടുക്കുന്നത് ക്രെംലിന് ഒരു പ്രധാന വഴിത്തിരിവായിരിക്കും. അവിടെയും യുക്രൈന് ശക്തമായ പ്രതിരോധം തീര്‍ത്ത് റഷ്യയെ ലക്ഷ്യത്തില്‍ എത്തിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കും എന്നാണ് കരുതപ്പെടുന്നത്.
യുക്രെയ്ന് സ്നേക്ക് ഐലന്‍ഡ് തിരിച്ചുപിടിക്കുകയും തെക്കന്‍ യുക്രെയ്നിലെ കെര്സണിനടുത്തുള്ള പ്രത്യാക്രമണങ്ങളില്‍ ചിലതില്‍ വിജയം നേടുകയും ചെയ്തു. ഇതെല്ലാം റഷ്യക്ക് തിരിച്ചടിയാണ്. കൂടാതെ യുക്രേനിയന്‍ സൈന്യം കെര്‍സണ്‍ മേഖലയിലെ നോവ കഖോവ്ക പട്ടണത്തിലെ ഒരു റഷ്യന്‍ വെടിമരുന്ന് ഡിപ്പോയെ തകര്‍ക്കുകയും ചെയ്തിരുന്നു. യുദ്ധം ആരംഭിച്ചതിനുശേഷം റഷ്യന്‍ അധിനിവേശ പ്രദേശത്തിനുള്ളിലെ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നായി ഇത് കാണപ്പെടുന്നു. യുഎസ് വിതരണം ചെയ്ത ദീര്‍ഘദൂര ഹിമര്‍സ് പീരങ്കി സംവിധാനത്തോടെയാണ് യുക്രേന് ആക്രമണം നടത്തിയതെന്ന് ഒരു റഷ്യന്‍ ഉദ്യോഗസ്ഥന് പറഞ്ഞു.
യുക്രേനിയന്‍ വാര്‍ത്താ ഏജന്‍സിയായ റിയ-മെലിറ്റോപോള്‍ കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് മെലിറ്റോപോളിലൂടെ വലിയ അളവിലുള്ള റഷ്യന്‍ സൈനിക ഉപകരണങ്ങള്‍ കെര്സണിലേക്കും സപോരിജിയയിലേക്കും നീങ്ങുന്നതായി കണ്ടു എന്നാണ്. റഷ്യയില്‍ ചേരുന്നതിനുള്ള ഹിതപരിശോധനാ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഖേര്‍സണ്‍ മേഖലയിലെ റഷ്യന്‍ നിയുക്ത അധികാരികള്‍ യുക്രേനിയന്‍ മേയറായ ഇഹോര്‍ കോലിഖയേവിനെ അറസ്റ്റ് ചെയ്തു.
റഷ്യന്‍ പ്രതിരോധ മന്ത്രാലയം തങ്ങളുടെ സേനയില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം റിപ്പോര്‍ട്ട് ചെയ്യുന്നില്ല. എന്നിരുന്നാലും, ചില റഷ്യന്‍ സൈനിക ബ്ലോഗര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്വതന്ത്ര വിശകലന വിദഗ്ധരും നിരീക്ഷകരും വിലയിരുത്തുന്നത് റഷ്യക്ക് വലിയ നഷ്ടം ഉണ്ടായിട്ടുണ്ട് എന്നാണ്. റഷ്യയുടെ കരുതല്‍ ശേഖരം കുറയുകയാണെന്നും ചില വിശകലന വിദഗ്ധര്‍ അനുമാനിക്കുന്നു.
എന്നാല്‍ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിവിധ യുദ്ധ സംവിധാനങ്ങളുടെ വരവ് യുക്രെയ്നിന്റെ സൈന്യത്തിന് ഒരു ജീവന് നല്കുന്നു. പക്ഷേ ആയുധങ്ങള്‍ മുന്‍നിരയില്‍ എത്തിക്കഴിഞ്ഞാല്‍ അത് എങ്ങനെ ഉപയോഗിക്കണമെന്ന് സൈനികരെ പഠിപ്പിക്കേണ്ടതുണ്ട്. അതിന് യുക്രൈന് കാലതാമസം എടുക്കും.
തെക്കന്‍ ഇംഗ്ലണ്ടിലെ വില്‍റ്റ്ഷെയറില്‍ നൂറുകണക്കിന് യുക്രേനിയന്‍ സൈനികര്‍ക്ക് ബ്രിട്ടീഷ് സൈന്യം അടുത്ത ദിവസങ്ങളില്‍ പരിശീലനം നല്‍കിയിരുന്നു. ജര്‍മ്മനിയും മള്‍പ്പിള്‍ ലോഞ്ച് റോക്കറ്റ് സിസ്റ്റം മാര്‍സ് എങ്ങനെ ഉപയോഗിക്കാമെന്ന് സൈനികരെ പഠിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്.
നീണ്ട യുദ്ധം
ലുഹാന്‍സ്ക് വഴിയുള്ള റഷ്യയുടെ ചലനത്തിന്റെ വേഗത ഡൊനെറ്റ്സ്കില്‍ ആവര്‍ത്തിക്കുകയാണെങ്കില്‍, യുദ്ധം മാസങ്ങളോളം നീളും. ഡോണ്‍ബാസ് മുഴുവനായും പിടിച്ചെടുത്താലും പുടിന് തന്റെ അധിനിവേശം നിര്‍ത്തുമെന്ന് ഉറപ്പില്ല. അവര്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കും.
യുക്രെയ്നെ വടക്ക് നിന്ന് തെക്കോട്ട് വിഭജിക്കുന്ന ഡിനിപ്രോ നദിയുടെ തീരത്തേക്ക് നീങ്ങാന്‍ അദ്ദേഹം തീരുമാനിച്ചേക്കാം. അങ്ങനെ ചെയ്യുന്നത് രാജ്യത്തിന്റെ പകുതി ഭാഗം പിടിച്ചെടുക്കാനുള്ള ശ്രമത്തെ സഹായിക്കും. മാത്രവുമല്ല, ഇത് പാശ്ചാത്യരെ ഭയപ്പെടുത്തുകയും ചെയ്യും. യുദ്ധം എത്ര സമയമെടുത്താലും യുക്രൈനെ പിന്തുണയ്ക്കാന്‍ നാറ്റോ രാജ്യങ്ങള്‍ ആവര്‍ത്തിച്ച് പ്രതിജ്ഞാബദ്ധവുമാണ്. പക്ഷേ പല രാജ്യങ്ങളിലും നിലവിലുള്ള സാമ്പത്തിക ഞെരുക്കം ഈ പിന്തുണയ്ക്ക് തടസമാകും.
റഷ്യയുടെ സമ്പദ്വ്യവസ്ഥ വലിയതോതില്‍ നശിച്ചു. യുക്രെയ്നിന്റെ സമ്പദ്വ്യവസ്ഥ 45% ചുരുങ്ങുമെന്ന് ലോകബാങ്ക് ഏപ്രിലില്‍ പ്രവചിച്ചിരുന്നു. യുദ്ധം തുടര്‍ന്നാല്‍ വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വരും എന്നതിനാല്‍ യുഎസും അതിന്റെ സഖ്യകക്ഷികളും അടുത്ത ആഴ്ചകളില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചാപരമായ ഒത്തുതീര്‍പ്പിന്റെ ആവശ്യകത മുന്നോട്ടു വച്ചിട്ടുണ്ട്.
എന്നാല്‍ യുദ്ധം എപ്പോള്‍, എങ്ങനെ അവസാനിക്കുന്നു എന്നത് പരിഗണിക്കാതെ തന്നെ, റഷ്യയുടെ ഭീഷണിയെ നേരിടാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ തങ്ങളുടെ സ്വന്തം പ്രതിരോധം ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നു.
വര്‍ഷങ്ങളല്ല, മാസങ്ങള്‍ക്കുള്ളില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് സെലെന്‍സ്കി കഴിഞ്ഞ മാസം G7 നേതാക്കളോട് പറഞ്ഞു. സംഘര്‍ഷം യുക്രേനിയന്‍ ജനതയുടെ താല്‍പ്പര്യത്തിന് നിരക്കുന്നതല്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അത് സാധ്യമാണോ എന്നത് നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. അവയില്‍ പലതും അദ്ദേഹത്തിന്റെ നിയന്ത്രണത്തിന് അതീതമാണ്.
എങ്ങനെയുള്ള നയതന്ത്ര ഒത്തുതീര്‍പ്പ് സാധ്യമാണെന്നും അത് സാധ്യമാണോ എന്നതും തികച്ചും പ്രവചനാതീതവുമാണ്.