16 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി സോഷ്യൽ മീഡിയയും മറ്റ് ജനപ്രിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും നിരോധിക്കുമെന്ന് ഇന്തോനേഷ്യൻ സർക്കാർ. കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും മുൻനിർത്തി ‘ഡിജിറ്റൽ അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ചാണ് കമ്മ്യൂണിക്കേഷൻ ആൻഡ് ഡിജിറ്റൽ അഫയേഴ്‌സ് മന്ത്രി മ്യൂട്ടിയ ഹാഫിദ് ചരിത്രപരമായ ഈ നിയമത്തിൽ ഒപ്പുവച്ചത്. ഇതോടെ ഓൺലൈൻ ദുരുപയോഗത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ഏറ്റവും പുതിയ രാജ്യമായി മാറുകയാണ് ഇന്തോനേഷ്യയും.
ഉയർന്ന അപകടസാധ്യതയുള്ള പ്ലാറ്റ്‌ഫോമുകളിലെ 16 വയസ്സിൽ താഴെയുള്ളവരുടെ അക്കൗണ്ടുകൾ മാർച്ച് 28 മുതൽ നിർജീവമാക്കുമെന്ന് രാജ്യത്തെ ആശയവിനിമയ- ഡിജിറ്റൽ കാര്യ മന്ത്രി മ്യൂട്ട്യ ഹാഫിദ് പ്രഖ്യാപിച്ചു.
“യൂട്യൂബ്, ടിക് ടോക്ക്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ത്രെഡ്‌സ്, എക്സ്, ബിഗോ ലൈവ്, റോബ്ലോക്സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലാകും ഈ നിരോധനം ആദ്യം നടപ്പിലാക്കുക. പ്രായത്തിനനുസരിച്ച് കുട്ടികൾക്ക് ഡിജിറ്റൽ ഇടങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്ന ആദ്യത്തെ പാശ്ചാത്യേതര രാജ്യമായി ഇന്തോനേഷ്യ ഇതിലൂടെ മാറും” – ഹാഫിദ് പറഞ്ഞു. “അൽഗോരിതങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന വമ്പൻ പ്ലാറ്റ്‌ഫോമുകൾക്കെതിരെ രക്ഷിതാക്കൾക്ക് ഇനി ഒറ്റയ്ക്ക് പോരാടേണ്ടിവരില്ല; അതിനായി സർക്കാർ ഇടപെടുകയാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇനിമുതൽ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ട് തുടങ്ങാൻ കഴിയില്ല. നിലവിലുള്ള അക്കൗണ്ടുകൾ ഘട്ടംഘട്ടമായി റദ്ദാക്കുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു.

