രാജ്യസുരക്ഷയും രഹസ്യവിവരങ്ങളുടെ സംരക്ഷണവും മുൻനിർത്തി സൈനികതാവളങ്ങളിൽ ഫോട്ടോ എടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതും നിരോധിച്ച് ജർമ്മൻ സൈന്യം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി സൈനികരഹസ്യങ്ങൾ പുറത്താകുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള പുതിയ നയം വെള്ളിയാഴ്ചയാണ് പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചത്.
മുൻപ് സൈനികർക്ക് ചിത്രീകരണത്തിന് പൊതുവായ അനുമതി ഉണ്ടായിരുന്നു. എന്നാൽ, പുതിയ നിയമപ്രകാരം ഓരോ ചിത്രീകരണത്തിനും ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക അനുമതി ആവശ്യമാണ്. നിയമം ലംഘിക്കുന്ന സൈനികർക്ക് അച്ചടക്കനടപടികൾക്കു പുറമെ ക്രിമിനൽ കുറ്റങ്ങൾ വരെ നേരിടേണ്ടിവരുമെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
സൈനികർക്ക് സോഷ്യൽ മീഡിയയിൽ സജീവമായി തുടരാമെങ്കിലും, ഡ്യൂട്ടി സമയത്തോ, സൈനികകേന്ദ്രങ്ങളിലോ ദൃശ്യങ്ങൾ പകർത്തി പങ്കുവയ്ക്കാൻ അനുവാദമുണ്ടാകില്ല.

