ഇറാന്റെ പരമോന്നത നേതാവായിരുന്ന കൊല്ലപ്പെട്ട അലി ഖമേനിക്കു പകരമായി അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ മുജ്തബ ഖമേനി ഇറാന്റെ മൂന്നാമത്തെ പരമോന്നത നേതാവായി അധികാരമേറ്റു. രാജ്യം കടുത്ത യുദ്ധമുഖത്ത് നിൽക്കുന്ന പശ്ചാത്തലത്തിൽ വളരെ വേഗത്തിലാണ് ഇറാന്റെ ഉന്നത പുരോഹിതസഭ ഈ തീരുമാനമെടുത്തത്. ഇറാന്റെ പരമോന്നത അധികാരിയെ തിരഞ്ഞെടുക്കാൻ ചുമതലപ്പെട്ട ഉന്നത പുരോഹിതസഭ, ഞായറാഴ്ചയാണ് മുജ്തബ ഖമേനിയെ പുതിയ നേതാവായി പ്രഖ്യാപിച്ചത്.
ഇറാൻ സ്റ്റേറ്റ് മീഡിയ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, പുതിയ പരമോന്നത നേതാവായി മുജ്തബ ഖമേനിയെ തിരഞ്ഞെടുത്തത് ഒരു “നിർണ്ണായക വോട്ടെടുപ്പിലൂടെ” ആണെന്ന് പുരോഹിത സഭ വ്യക്തമാക്കി. 88 അംഗങ്ങളുള്ള സഭയിൽ ബഹുഭൂരിപക്ഷം പേരും അദ്ദേഹത്തെ പിന്തുണച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

