ഇറാൻ ലോകത്തെ ഏറ്റവും വലിയ ഭീകരവാദ രാജ്യമാണെന്നും അവരെ തകർക്കുന്നത് ലോകത്തെ കൂടുതൽ സുരക്ഷിതമാക്കുമെന്നും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഇറാന്റെ മിസൈൽ ശേഖരവും അത് നിർമ്മിക്കുന്ന ഫാക്ടറികളും നാവികസേനയും പൂർണ്ണമായും ഇല്ലാതാക്കുകയാണ് അമേരിക്കൻ സൈന്യത്തിന്റെ ലക്ഷ്യം. നിലവിലെ സൈനികനീക്കത്തിലൂടെ ഇറാന്റെ പക്കലുള്ള ആയുധങ്ങൾ ഓരോ ദിവസവും കുറഞ്ഞുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനെതിരെയുള്ള ഈ യുദ്ധത്തിനായി പ്രതിദിനം ഏകദേശം 7,500 കോടി രൂപയിലധികം (891 മില്യൺ ഡോളർ) അമേരിക്ക ചിലവാക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. യുദ്ധത്തിന്റെ ആദ്യവാരത്തിൽ മാത്രം 50,000 കോടി രൂപയോളം ചിലവായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വരുംദിവസങ്ങളിൽ യുദ്ധം തുടരുന്നതിനായി ട്രംപ് ഭരണകൂടം കൂടുതൽ പണം കോൺഗ്രസിനോട് ആവശ്യപ്പെടാൻ സാധ്യതയുണ്ടെന്നും സാമ്പത്തികവിദഗ്ധർ വിലയിരുത്തുന്നു.
അതേസമയം, തങ്ങളുടെ ഊർജകേന്ദ്രങ്ങൾ ആക്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാന്റെ വിപ്ലവഗാർഡ് അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം ടെഹ്റാനിലെ പ്രധാന എണ്ണ സംഭരണശാലകൾക്കു നേരെ ഇസ്രായേൽ കനത്ത ആക്രമണം നടത്തിയിരുന്നു. ജനങ്ങളുടെ കുടിവെള്ള സ്രോതസ്സുകൾക്കും എണ്ണക്കമ്പനികൾക്കും നേരെ ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ തുടർന്നാൽ ഗൾഫ് മേഖലയിലാകെ സമാനമായ രീതിയിൽ തിരിച്ചടിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.

