Wednesday, March 11, 2026

സുഡാനിൽ ഡ്രോൺ ഭീതി; അന്താരാഷ്ട്ര ഇടപെടൽ ആവശ്യപ്പെട്ട് സർക്കാർ

സുഡാനിലെ വിവിധ നഗരങ്ങളിൽ അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്) നടത്തുന്ന ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയോട് ആവശ്യപ്പെട്ട് സുഡാൻ സർക്കാർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനവാസ മേഖലകളിലും വിദ്യഭ്യാസ സ്ഥാപനങ്ങളിലും ആർഎസ്എഫ് ബോധപൂർവ്വം ഡ്രോൺ ആക്രമണങ്ങൾ നടത്തുകയാണെന്ന് സുഡാൻ ആരോപിക്കുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോർദോഫാർ, വൈറ്റ് നൈൽ മേഖലകളിൽ ആക്രമണം രൂക്ഷമായിരിക്കുകയാണ്. എൽ ഒബെയ്ദ്, കോസ്തി, എഡ് ദമാസിൻ എന്നീ നഗരങ്ങളിലെ ജനവാസ കേന്ദ്രങ്ങളിൽ ആർഎസ്എഫ് ഡ്രോണുകൾ ബോംബിട്ടു. ഇത് ‘യുദ്ധക്കുറ്റത്തിന്’ തുല്യമാണെന്ന് സുഡാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കോസ്തിയിലെ ഇമാം അൽ മഹ്ദി സർവ്വകലാശാലയിലെ വിദ്യാർത്ഥി ഹോസ്റ്റലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇത് ജനങ്ങൾക്കിടയിൽ വലിയ ഭീതി പരത്തിയിട്ടുണ്ട്.

ഈ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ആർഎസ്എഫിനെ അന്താരാഷ്ട്ര ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് സുഡാൻ സുരക്ഷാ സമിതിയോട് വീണ്ടും ആവശ്യപ്പെട്ടു. അവർക്ക് ആയുധങ്ങളും ഡ്രോണുകളും നൽകുന്ന പ്രാദേശിക ശക്തികൾക്കെതിരെയും നടപടി വേണമെന്ന് സുഡാൻ ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News