ബംഗ്ലാദേശിൽ 2024 ഓഗസ്റ്റ് മുതൽ 2026 ഫെബ്രുവരി വരെയുള്ള കാലയളവിൽ ന്യൂനപക്ഷങ്ങൾക്കെതിരായ 3,100 അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി മനുഷ്യാവകാശ സംഘടനകളുടെ കണക്കുകൾ പ്രകാരം കേന്ദ്രസർക്കാർ പാർലമെന്റിനെ അറിയിച്ചു. രാജ്യത്തെ ക്രമസമാധാന നിലയെയും ന്യൂനപക്ഷ സുരക്ഷയെയും കുറിച്ചുള്ള അന്താരാഷ്ട്ര ആശങ്കകൾ നിലനിൽക്കെയാണ് സർക്കാർ ഇക്കാര്യം പുറത്തുവിട്ടത്.
2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനു ശേഷം രാജ്യത്തുണ്ടായ രാഷ്ട്രീയ അസ്ഥിരതയ്ക്കിടയിലാണ് ഈ അക്രമങ്ങളിൽ ഭൂരിഭാഗവും നടന്നതെന്ന് കേന്ദ്രം വ്യക്തമാക്കി. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ, അവരുടെ വീടുകൾ, സ്വത്തുക്കൾ, ബിസിനസുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ ഉൾപ്പെടെ നടന്ന ഓരോ അക്രമസംഭവങ്ങളും ഇന്ത്യൻ സർക്കാർ അതീവഗൗരവത്തോടെയും തുടർച്ചയായും നിരീക്ഷിച്ചുവരികയാണെന്ന് രാജ്യസഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ പറഞ്ഞു.
“മനുഷ്യാവകാശ സംഘടനകളിൽ നിന്നുള്ള ലഭ്യമായ ഡാറ്റ പ്രകാരം, 2024 ഓഗസ്റ്റ് മുതൽ 2026 ഫെബ്രുവരി വരെ ബംഗ്ലാദേശിലുടനീളം ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരെ ഏകദേശം 3,100 അക്രമസംഭവങ്ങൾ നടന്നിട്ടുണ്ട്. ബംഗ്ലാദേശ് സർക്കാർ ഈ സംഭവങ്ങൾ സമഗ്രമായി അന്വേഷിക്കുകയും ന്യൂനപക്ഷങ്ങൾക്കെതിരായ കൊലപാതകങ്ങൾ, തീവയ്പ്പുകൾ, അക്രമങ്ങൾ എന്നിവയിലെ എല്ലാ കുറ്റവാളികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരികയും ചെയ്യുമെന്ന് ഇന്ത്യാ ഗവൺമെന്റ് പ്രതീക്ഷിക്കുന്നു” – മന്ത്രി പറഞ്ഞു.
“ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ ബംഗ്ലാദേശിലെ എല്ലാ പൗരന്മാരുടെയും ജീവിതവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം ബംഗ്ലാദേശ് സർക്കാരിനാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഐക്യരാഷ്ട്രസഭയും ഇന്ത്യയും നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്.

