Friday, March 13, 2026

ഇസ്രായേൽ ആക്രമണത്തിൽ ഇറാനിലെ മുതിർന്ന ആണവശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടെന്ന് നെതന്യാഹു

ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ മുതിർന്ന ആണവശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടെന്ന നിർണ്ണായക വെളിപ്പെടുത്തലുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഫെബ്രുവരി 28 ന് യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായി മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് നെതന്യാഹു ഇക്കാര്യം അറിയിച്ചത്.

ആണവായുധങ്ങൾ വികസിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ഒരു മുതിർന്ന ഇറാനിയൻ ശാസ്ത്രജ്ഞൻ ഇസ്രായേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും ടെഹ്‌റാൻ സൈന്യത്തിനും സുരക്ഷാസേനയ്ക്കും കാര്യമായ പ്രഹരമേൽപ്പിച്ചെന്നുമായിരുന്നു നെതന്യാഹുവിന്റെ പ്രഖ്യാപനം. അതേസമയം, ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനിയെ, പരസ്യമായി പ്രത്യക്ഷപ്പെടാൻ കഴിയാത്ത റെവല്യൂഷണറി ഗാർഡുകളുടെ പാവയാണെന്നും നെതന്യാഹു കുറ്റപ്പെടുത്തി. സ്വാതന്ത്ര്യത്തിലേക്കുള്ള പുതിയ പാതയ്ക്കുള്ള നിമിഷം അടുത്തുവരികയാണെന്നും ഇസ്രായേൽ അവർക്കൊപ്പം നിൽക്കുന്നുവെന്നും ഇറാനിയൻ ജനതയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, അത് ജനങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നും അത് അവരുടെ കൈകളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഇറാനിലെ ഭീകര ഭരണകൂടത്തെ ഞങ്ങൾ തകർക്കുകയാണ്. അവരുടെ പ്രതിനിധികളായ ലെബനനിലെ ഹിസ്ബുള്ളയെ ഞങ്ങൾ ആക്രമിച്ച് പരാജയപ്പെടുത്തുകയാണ്” – നെതന്യാഹു പറഞ്ഞു. കൊല്ലപ്പെട്ട ശാസ്ത്രജ്ഞന്റെ പേര് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ടെഹ്‌റാനിലോ, അതിനോടടുത്ത പ്രദേശത്തോ വച്ച് നടന്ന അതീവരഹസ്യമായ നീക്കത്തിലൂടെയാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് സൂചന. എന്നാൽ, ഇറാൻ ഈ വാർത്തയോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News