Tuesday, November 26, 2024

രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ; വിജയമുറപ്പിച്ച് ദ്രൗപദി മുര്‍മു

രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നൂറ് ശതമാനം വിജയം ഉറപ്പിച്ചിരിക്കുകയാണ് എന്‍ഡിഐ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മൂ. പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് യുപിഎ ഘടകകക്ഷികളുടെ പിന്തുണ പോലും പൂര്‍ണ്ണമായി ലഭിക്കില്ല എന്നാണ് വിലയിരുത്തുപ്പെടുന്നത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ്, സിപിഎം, എന്‍സിപി വോട്ടുകള്‍ കൈവിട്ട് പോകാതിരിക്കാനുള്ള നീക്കത്തിലാണ് സംയുക്ത പ്രതിപക്ഷം.

ദ്രൗപദി മുര്‍മൂവിന് വലിയ പിന്തുണയാണ് ഭരണ-പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് ലഭിക്കുന്നത്. എന്‍ഡിഎ ഘടക കക്ഷികള്‍ക്ക് പുറമെ വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി, ബിഎസ്പി, ശിരോമണി അകാലിദള്‍, ജെഡിഎസ്, ടിഡിപി, ശിവസേന, ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എന്നീ പ്രതിപക്ഷ പാര്‍ട്ടികളും ദ്രൗപദി മുര്‍മൂവിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇതോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വോട്ട് പ്രതീക്ഷ വര്‍ദ്ധിക്കുന്നു. കൂടാതെ ലോക്‌സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുണ്ടായ വിജയവും മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം അധികാരത്തിലേറിയതും മുര്‍മൂവിന് വോട്ട് വര്‍ദ്ധിപ്പിക്കും.

നാളെ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ പാര്‍ലമെന്റ് ഹൗസിലെ റൂം നമ്പര്‍ 63 ലും സംസ്ഥാന അസംബ്ലികളിലെ വിജ്ഞാപനം ചെയ്ത മുറികളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. പാര്‍ലമെന്റിലെ ഇരു സഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഡല്‍ഹിയും പുതുച്ചേരിയും ഉള്‍പ്പെടെ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട നിയമസഭാ സമാജികരുമാണ് ഇലക്ടറല്‍ കോളേജില്‍ ഉള്‍പ്പെടുന്നത്. ജൂലൈ 21 നാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

 

Latest News