Monday, November 25, 2024

രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി; വിജയമുറപ്പിച്ച് ദ്രൗപതി മുര്‍മു

തിരഞ്ഞെടുക്കപ്പെട്ട 4,800 എംപിമാരും എംഎല്‍എമാരും ഇന്ന് ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ വോട്ടുചെയ്യും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന് പ്രതിപക്ഷത്തിന്റെ യശ്വന്ത് സിന്‍ഹയെക്കാള്‍ വ്യക്തമായ മുന്‍തൂക്കമുണ്ട്. കാരണം 60 ശതമാനത്തിലധികം വോട്ടുകള്‍ അവര്‍ക്ക് അനുകൂലമായി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം മികച്ച മത്സരം കാഴ്ച വയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം.

പാര്‍ലമെന്റ് ഹൗസിലും സംസ്ഥാന നിയമസഭകളിലും രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ വോട്ടെടുപ്പ് നടക്കും. ഇതിനായി ബാലറ്റ് പെട്ടികള്‍ ഇതിനകം ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടുണ്ട്. പാര്‍ലമെന്റില്‍ 63 ാം നമ്പര്‍ മുറിയാണ് പോളിംഗ് ബുത്തായി നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളില്‍ നിയമസഭകളിലാണ് വോട്ടെടുപ്പ്. എം പിമാരും എം എല്‍ എമാരുമടക്കം 4809 ജനപ്രതിനിധികളാണ് വോട്ട് രേഖപ്പെടുത്തുക. ജൂലൈ 21 ന് പാര്‍ലമെന്റ് ഹൗസില്‍ വോട്ടെണ്ണല്‍ നടക്കും. അടുത്ത രാഷ്ട്രപതി ജൂലൈ 25 ന് സത്യപ്രതിജ്ഞ ചെയ്യും.

ബിജെഡി, വൈഎസ്ആര്‍സിപി, ബിഎസ്പി, എഐഎഡിഎംകെ, ടിഡിപി, ജെഡി(എസ്), ശിരോമണി അകാലിദള്‍, ശിവസേന, ഇപ്പോള്‍ ജെഎംഎം തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെ മുര്‍മുവിന്റെ വോട്ട് വിഹിതം മൂന്നില്‍ രണ്ടില്‍ എത്തും. ഗോത്രവര്‍ഗത്തില്‍ നിന്ന് ഭരണഘടനാ പദവിയിലെത്തുന്ന ആദ്യ വനിതയാകും ഇതോടെ ദ്രൗപതി മുര്‍മു.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നതാണ് യാഥാര്‍ത്ഥ്യം. ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വം തന്നെയായിരുന്നു എന്‍ ഡി എ ക്യാംപിന് വലിയ നേട്ടമായതെന്നാണ് വിലയിരുത്തല്‍. അറുപത് ശതമാനത്തിലധികം വോട്ട് ദ്രൗപദി ഉറപ്പാക്കിയിട്ടുണ്ട്. എന്‍ ഡി എ സ്ഥാനാര്‍ത്ഥിക്ക് നാല്‍പത്തിയൊന്ന് പാര്‍ട്ടികളുടെ പിന്തുണയുണ്ട്. പ്രതിപക്ഷത്തെ ശിവസേന, ഝാര്‍ഖണ്ട് മുക്തി മോര്‍ച്ച, ജനതാദള്‍ സെക്കുലര്‍ തുടങ്ങിയ കക്ഷികള്‍ മുര്‍മുവിന് പിന്തുണ അറിയിച്ചെന്നതാണ് വലിയ നേട്ടമായത്. വൈ എസ് ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ തുടങ്ങിയ കക്ഷികളുടെയും പിന്തുണയുള്ള എന്‍ ഡി എയ്ക്ക് ആറുലക്ഷത്തി എഴുപതിനായിരം വോട്ടുകള്‍ കിട്ടാനാണ് സാധ്യത. മറുവശത്ത് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് ആം ആദ്മി പാര്‍ട്ടി അവസാനം പിന്തുണ അറിയിച്ചതാണ് ആശ്വാസം.

 

Latest News