രാജ്യദ്രോഹക്കേസുകള്‍ ചൂണ്ടിക്കാട്ടി യുക്രെയ്‌നിന്റെ സുരക്ഷാ ഏജന്‍സി (എസ്ബിയു) തലവനെയും പ്രോസിക്യൂട്ടര്‍ ജനറലിനെയും പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പുറത്താക്കി. റഷ്യന്‍ അധിനിവേശ പ്രദേശങ്ങളില്‍ 60-ലധികം മുന്‍ ജീവനക്കാര്‍ ഇപ്പോള്‍ യുക്രെയ്നെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സെലന്‍സ്‌കി വെളിപ്പെടുത്തി. നിയമപാലകരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇതുവരെ 651 രാജ്യദ്രോഹ കേസുകള്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിരിച്ചുവിട്ട ഉദ്യോഗസ്ഥരായ ഇവാന്‍ ബക്കനോവും ഐറിന വെനിഡിക്ടോവയും ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.
രാജ്യത്തിന്റെ ദേശീയ സുരക്ഷയുടെ അടിത്തറയ്ക്കെതിരായ കുറ്റകൃത്യങ്ങള്‍ വലിയ രീതിയില്‍ സംഭവിക്കുന്നുണ്ടെന്ന് ഞായറാഴ്ച വൈകുന്നേരം തന്റെ വീഡിയോ പ്രസംഗത്തില്‍ മിസ്റ്റര്‍ സെലെന്‍സ്‌കി പറഞ്ഞു. കുറ്റക്കാരെയെല്ലാം കണ്ടെത്തി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും സെലന്‍സ്‌കി അറിയിച്ചു.
2014-ല്‍ റഷ്യ പിടിച്ചെടുത്ത ക്രിമിയയില്‍ എസ്ബിയു മുന്‍ റീജിയണല്‍ തലവനെ പിടികൂടിയതിനെ തുടര്‍ന്നാണ് സെലെന്‍സ്‌കിയുടെ ബാല്യകാല സുഹൃത്തുകൂടിയായ എസ്ബിയു മേധാവി ഇവാന്‍ ബക്കനോവിനെ പുറത്താക്കിയത്.
യുദ്ധം പുരോഗമിക്കുന്നതിനടെ കരിങ്കടലിലെ റഷ്യന്‍ യുദ്ധക്കപ്പലുകളില്‍ നല്ലൊരു ശതമാനം ക്രിമിയയില്‍ നിന്ന് കൂടുതല്‍ കിഴക്ക് നോവോറോസിസ്‌ക് തുറമുഖത്തേക്ക് മാറ്റിയതായി യുക്രെയ്ന്‍ പറയുന്നു. പടിഞ്ഞാറന്‍ സഖ്യകക്ഷികളില്‍ നിന്ന് ദീര്‍ഘദൂര മിസൈല്‍ സംവിധാനങ്ങളുടെ കൂടുതല്‍ ഡെലിവറികള്‍ കൈവിനു ലഭിച്ച സാഹചര്യത്തിലാണ് ഇത്.