Monday, November 25, 2024

‘സാര്‍കോമ’ കാന്‍സറാണോ? രോഗനിര്‍ണ്ണയത്തെക്കുറിച്ചും ചികിത്സകളെക്കുറിച്ചും അറിയേണ്ടതെല്ലാം

ഡോ. ജോജോ ജോസഫ്‌

കാന്‍സര്‍ അല്ലെങ്കില്‍ കാര്‍സിനോമ എന്ന വാക്ക് എല്ലാവര്‍ക്കും സുപരിചിതമാണ്. എന്നാല്‍ സാര്‍കോമയെപ്പറ്റി അറിയില്ലാതാനും. സാര്‍കോമ എന്താണെന്ന് മനസിലാകണമെങ്കില്‍ ശരീരത്തിന്റെ അടിസ്ഥാന ഘടനയെക്കുറിച്ച് ഒരു രൂപമുണ്ടെങ്കില്‍ വളരെ എളുപ്പമാണ്. സാര്‍കോമ എന്ന് പറയുന്നത് സോഫ്റ്റ് ടിഷ്യുസില്‍ ഉണ്ടാകുന്ന കാന്‍സറിനെ വിളിക്കുന്ന പേരാണ്. തുടര്‍ന്നു വായിക്കുക.

വര്‍ഷത്തിലെ ഓരോ മാസവും കാന്‍സര്‍ വിദഗ്ദ്ധര്‍ ഓരോ തരം കാന്‍സര്‍ രോഗത്തെക്കുറിച്ച് ആളുകളെ ബോധവത്ക്കരിക്കാന്‍ ശ്രമിക്കുന്നുണ്ട്. 2022 ജൂലൈ മാസത്തില്‍ സാര്‍കോമ കാന്‍സറാണ് വിഷയം. ഈ രോഗത്തിന്റെ നിര്‍ണ്ണയത്തെക്കുറിച്ചും ചികിത്സകളെക്കുറിച്ചും ആളുകളിലേക്ക് അറിവ് എത്തിക്കുകയാണ് ലക്ഷ്യം.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് എന്നെ കാണാന്‍ 35 വയസുള്ള ഒരു പേഷ്യന്റ് വന്നു. അദ്ദേഹത്തിന്റെ കയ്യുടെ മധ്യഭാഗത്തായി ഒരു മുഴയുണ്ട്. പല ഡോക്ടര്‍മാരെയും ഇതിനു മുന്‍പും ആ രോഗി സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ അവരെല്ലാവരും തന്നെ ഇത് അപകടകരമാണെന്നും കൂടുതല്‍ വിദഗ്ദ്ധനായ ഒരു ഡോക്ടറെ കാണിക്കാനും നിര്‍ദ്ദേശിച്ച് അയച്ചു. അങ്ങനെയാണ് ഇദ്ദേഹം എന്നെ കാണാന്‍ എത്തുന്നത്. മുഴയില്‍ പിടിച്ചുനോക്കിയപ്പോള്‍ അതൊരു സോഫ്റ്റ് ടിഷ്യു ട്യൂമര്‍ ആണെന്ന് മനസിലായി. അതിനാല്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്നു പറഞ്ഞു. അങ്ങനെ ബയോപ്‌സി ചെയ്തു. ബയോപ്‌സിയുടെ റിസള്‍ട്ട് വന്നപ്പോള്‍ അദ്ദേഹത്തിന് ‘സാര്‍കോമ’ ആണെന്ന് സ്ഥിരീകരിച്ചു. ഇത് കേട്ടപ്പോള്‍ രോഗി ഒന്ന് ആശ്വസിച്ചു. തനിക്ക് ഏതായാലും കാന്‍സര്‍ അല്ലലോ എന്നുപറഞ്ഞ് സമാധാനിച്ചു.

സാര്‍കോമ എന്നു പറയുന്നത് സോഫ്റ്റ് ടിഷ്യുസില്‍ ഉണ്ടാകുന്ന കാന്‍സറിനെ വിളിക്കുന്ന പേരാണെന്ന് ആ രോഗിക്ക് അറിയില്ലായിരുന്നു. രോഗി സാര്‍കോമയെക്കുറിച്ച് വിവിധ സംശയങ്ങള്‍ ഡോക്ടറോട് ചോദിക്കാന്‍ തുടങ്ങി. എന്താണ് സാര്‍കോമ, അത് മറ്റ് കാന്‍സറുകളെക്കാള്‍ തീവ്രമാണോ, അപകടമാണോ എന്നിങ്ങനെ നീണ്ടു അദ്ദേഹത്തിന്റെ സംശയങ്ങളുടെ പട്ടിക. ക്ഷമയോടെ തന്നെ അദ്ദേഹത്തിന്റെ സംശയങ്ങളെല്ലാം കേട്ട് വ്യക്തമായി, തന്റെ രോഗത്തെക്കുറിച്ച് രോഗിക്ക് പറഞ്ഞു കൊടുത്തു.

മറ്റൊരവസരത്തില്‍ ഓസ്റ്റിയോ സാര്‍കോമ എന്ന കാന്‍സര്‍ സ്ഥിരീകരിച്ച വ്യക്തി ഒരു രണ്ടാം അഭിപ്രായത്തിനു വേണ്ടി സമീപിച്ചു. എല്ലുകള്‍ക്ക് വരുന്ന കാന്‍സറാണ് ഓസ്റ്റിയോ സാര്‍കോമ. ഓണ്‍ലൈന്‍ ആയിട്ടായിരുന്നു കണ്‍സള്‍ട്ടേഷന്‍. സാര്‍കോമ കാന്‍സര്‍ വളരെ അപകടകരമായ കാന്‍സറാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. മറ്റ് കാന്‍സറുകള്‍ പോലെ സാര്‍കോമയും അതിന്റെ വ്യാപ്തിയും സ്റ്റേജും വലുപ്പവും ഒക്കെ അനുസരിച്ചാണ് അപകടകരമാണോ അല്ലയോ എന്ന് നിശ്ചയിക്കുന്നത് എന്നായിരുന്നു ആ ചോദ്യത്തിന്റെ ഉത്തരം.

മറ്റ് കാന്‍സറുകളെപ്പോലെ തന്നെ ഘട്ടംഘട്ടമായാണ് സാര്‍കോമയുടെയും ചികിത്സ. ആദ്യം ഒരു ക്ലിനിക്കല്‍ എക്സാമിനേഷനാണ് നടത്തുന്നത്. പിന്നീട് ശരീരഭാഗത്തെ ട്യൂമറില്‍ നിന്ന് ഒരു ചെറിയ ഭാഗം ടിഷ്യു എടുത്ത് ബയോപ്‌സി ചെയ്യും. ഇതിന് ‘ട്രൂ കട്ട് ബയോപ്‌സി’ എന്നാണ് പറയുന്നത്. നമുക്ക് നേരിട്ട് കാണാവുന്ന ട്യൂമറാണെങ്കില്‍ ട്രൂ കട്ട് നീഡില്‍ ഉപയോഗിച്ച് ടിഷ്യു എടുക്കും. ശരീരത്തിന്റെ ഉള്‍ഭാഗത്തുള്ളതാണെങ്കില്‍ അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങിന്റെയോ അല്ലെങ്കില്‍ സി.റ്റി സ്‌കാനിന്റെയോ സഹായത്തോടെയാണ് ഇത് നടത്തുക.

ഇങ്ങനെ എടുക്കുന്ന റ്റിഷ്യുവിന്റെ ഹിസ്റ്റോ പാത്തോളജിക്കല്‍ അനാലിസിസ് വഴിയാണ് കാന്‍സര്‍ ഏതു തരമാണ് എന്ന് തിരിച്ചറിയുന്നത്. ഇതിന്റെ വ്യാപ്തി കണ്ടെത്താന്‍ ശ്വാസകോശത്തിന്റെയോ, ഉദരത്തിന്റെയോ, സി.റ്റി സ്‌കാനോ അല്ലെങ്കില്‍ പെറ്റ് സ്‌കാന്‍ എന്ന നൂതനവിദ്യയോ ഉപയോഗപ്പെടുത്തുന്നു. സര്‍ജറി ചെയ്യണ്ട ഭാഗത്തെ എം.ആര്‍.ഐ ഇമേജും ഇതിന് ഉപയോഗിക്കാവുന്നതാണ്. ഇത്രയും പരിശോധനകള്‍ക്കു ശേഷം മാത്രമാണ് സാര്‍കോമയ്ക്കുള്ള ചികിത്സ നിശ്ചയിക്കുന്നത്.

‘സാര്‍കോമ’ എന്ന കാന്‍സര്‍

നമ്മുടെ ശരീരത്തിലെ തന്നെ ചില കോശങ്ങള്‍ക്ക് വ്യതിയാനം സംഭവിക്കുകയും ഇങ്ങനെ വ്യതിയാനം സംഭവിച്ച കോശങ്ങള്‍ ശരീരത്തിന്റെ നിയന്ത്രണത്തിലല്ലാതെ അനിയന്ത്രിതമായി വളരുകയും തുടര്‍ന്ന് ഈ കോശങ്ങള്‍ ശരീരത്തിലെ മറ്റ് അവയവങ്ങളില്‍ എത്തിച്ചേര്‍ന്ന് അവയ്ക്കുള്ളില്‍ പ്രവേശിച്ച് വളര്‍ന്ന്, അവയവങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നതിനെയാണ് കാന്‍സര്‍ എന്നു വിളിക്കുന്നത്.

കാന്‍സര്‍ അല്ലെങ്കില്‍ കാര്‍സിനോമ എന്ന വാക്ക് എല്ലാവര്‍ക്കും സുപരിചിതമാണ്. എന്നാല്‍ സാര്‍കോമയെപ്പറ്റി അറിയില്ലാതാനും. സാര്‍കോമ എന്താണെന്ന് മനസിലാകണമെങ്കില്‍ ശരീരത്തിന്റെ അടിസ്ഥാനഘടനയെക്കുറിച്ച് ഒരു രൂപം ഉണ്ടെങ്കില്‍ വളരെ എളുപ്പമാണ്.

നമ്മുടെ ശരീരത്തിലെ കോശങ്ങളെ നമുക്ക് നാലായി തരം തിരിക്കാം. ഒന്നാമത്തേത്, നമ്മുടെ ശരീരത്തെ ആവരണം ചെയ്യുന്ന, അതായത് ശരീരത്തെ പുറത്തു നിന്നും പൊതിയുന്ന നമ്മുടെ തൊലി. അതിനെ നമ്മള്‍ എപ്പിത്തീലിയം (Epithelium) എന്നാണ് വിളിക്കുന്നത്. രണ്ടാമത്തേത്, ശരീരത്തിനുള്ളിലെ വിവിധ അവയവങ്ങളെ ആവരണം ചെയ്യുന്ന കോശങ്ങള്‍. അവയെ എന്‍ഡോത്തീലിയം (Endothelium) എന്നാണ് വിളിക്കുന്നത്. മൂന്നാമത്തെ വിഭാഗമാണ് മീസെന്‍കൈമല്‍ ടിഷ്യു (Mesenchymal Tissue).

അതായത് നമ്മുടെ ശരീരത്തിലെ പേശികള്‍, എല്ല്, ഫാറ്റ് എന്നിവയും ഇവയെ തമ്മില്‍ കൂട്ടിപ്പിടിക്കുന്ന വിവിധ കണക്ടീവ് ടിഷ്യുകളും (ഇീിിലരശേ്‌ല ഠശൗൈല) ഈ വിഭാഗത്തില്‍പെടും. നാലാമത്തെ വിഭാഗമാണ് നമ്മുടെ ശരീരത്തിലെ ലിംഫ് നോഡ്‌സ് (Lymph Nodes), ബോണ്‍ മാരോ (Bone Marrow) എന്നിവ ഉള്‍പ്പെടുന്ന ലിംഫോ റെറ്റിക്കുലര്‍ സിസ്റ്റം (Lympho Reticular System).

ഇതില്‍ ശരീരത്തിന്റെ ആവരണമായ എപ്പിത്തീലിയത്തിലും (Epithelium) എന്‍ഡോത്തീലിയത്തിലും (Endothelium) ഉണ്ടാകുന്ന കാന്‍സറിനെയാണ് കാര്‍സിനോമ എന്നു വിളിക്കുന്നത്. എന്നാല്‍ പേശികള്‍, എല്ലുകള്‍, ഫാറ്റ് തുടങ്ങിയ മീസെന്‍ കൈമല്‍ ടിഷ്യുവില്‍ (Mesenchymal Tissue) ഉണ്ടാകുന്ന കാന്‍സറിനെ സാര്‍കോമ എന്ന് അറിയപ്പെടുന്നു. ലിംഫോ റെറ്റിക്കുലര്‍ സിസ്റ്റത്തില്‍ (Lympho Reticular System) ഉണ്ടാകുന്ന കാന്‍സറുകളെ ലിംഫോമ (lymphoma), ലൂക്കീമിയ (Leukemia (Blood Cancer)), മള്‍ട്ടിപ്പിള്‍ മൈലോമ (Multiple Myeloma ) എന്നുമാണ് വിളിക്കുന്നത്.

ശരീരത്തിലെ ഏതാണ്ട് 10-15 ശതമാനം കാന്‍സറുകള്‍ മാത്രമേ സാര്‍കോമാ വിഭാഗത്തില്‍പെടുന്നുള്ളൂ. ഏതാണ്ട് 75-ല്‍പരം വിവിധ സാര്‍കോമകള്‍ ശരീരത്തിലുണ്ടാകുന്നു എന്നതാണ് ഈ സാര്‍കോമ എന്ന കാന്‍സറിന്റെ പ്രത്യേകത.

മറ്റു കാന്‍സറുകളെപ്പോലെ നാല്‍പതുകള്‍ കഴിയുമ്പോഴാണ് സാര്‍കോമയും കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍ ഓസ്ടിയോസാര്‍കോമ (Osteosarcoma) എന്ന ബോണ്‍ കാന്‍സര്‍, ഈവിങ് സാര്‍കോമ (Ewing Sarcoma) എന്ന സാര്‍കോമയും പ്രധാനമായും കൗമാരപ്രായക്കാരിലാണ് കാണപ്പെടുന്നത്. വിനൈല്‍ ക്ലോറൈഡ് (Vinyl Chloride) എന്ന പ്ലാസ്റ്റിക് വ്യവസായത്തില്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥം, Arsenic, Dioxan എന്ന ഹെര്‍ബീസൈഡിന്റെ (Herbicide) അമിതോപയോഗം എന്നിവ സാര്‍കോമ ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ചില പ്രത്യേകതരം ജനിതക വ്യതിയാനം(neuro fibromatosis)ഉള്ളവരില്‍ ചിലതരം സര്‍ക്കോമ കൂടുതലായി കണ്ടുവരുന്നു. സര്‍ജറിയാണ് പ്രധാന ചികിത്സ. ട്യൂമറും ട്യൂമറിനു ചുറ്റുമുള്ള ഒരു സെന്റി മീറ്റര്‍ നോര്‍മല്‍ ടിഷ്യുവും നീക്കം ചെയ്യുക എന്നതാണ് കൃത്യമായ സര്‍ജറി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിനു ശേഷം റേഡിയോ തെറാപ്പിയും കീമോ തെറാപ്പിയും സാര്‍കോമയുടെ ടൈപ്പ്, ഗ്രേഡ് എന്നിവ അനുസരിച്ച് ആവശ്യമായി വന്നേക്കാം.

തയാറാക്കിയത്: ഐശ്വര്യ സെബാസ്റ്റ്യന്‍

Latest News